മനസ്സു നിറച്ച് ആസ്വാദനത്തിന്റെ സംഗീത താളങ്ങൾ പെയ്യിച്ച് സൂഫി സംഗീത മേള. ഖവ്വാലി ഗായകൻ സയ്യിദ് അതീഖ് ഹുസൈൻ ഖാൻ നയിച്ച സംഗീത രാവ് നവ്യാനുഭവമായി
…..
ആനന്ദ താളം പിടിച്ച സദസ്സ്. മനം നിറഞ്ഞു പാടിയ വേദി. കൊണ്ടോട്ടി മാപ്പിള കലാ അക്കാദമിയിൽ നടന്ന സൂഫി സംഗീത മേള സംഗീത ആസ്വാദനത്തിന്റെ പുതിയ മേഖലകൾ സൃഷ്ടിച്ചു.
ഖവ്വാലി ഗായകൻ സയ്യിദ് അതീഖ് ഹുസൈൻ ഖാൻ നയിച്ച സംഗീത രാവിൽ നിറഞ്ഞ സദസ്സ് മനം നിറച്ച് ഹൃദയ താളം പിടിച്ചാണ് മടങ്ങിയത്.

രാജ്യത്തെ പൗരാണിക കലകളും സംഗീതവും പരസ്പര സാഹോദര്യവും, സൗഹൃദവും വളർത്തുമെന്ന് ഖവ്വാലി ഗായകൻ സയ്യിദ് അതീഖ് ഹുസൈൻ ഖാൻ പറഞ്ഞു.
കേരള സാംസ്കാരിക വകുപ്പ് നേതൃത്വം നല്കുന്ന കൊണ്ടോട്ടിയിലെ മാപ്പിള കലാ അക്കാദമി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഭാഗമായി സംഘടിപ്പിച്ച സൂഫീ സംഗീത മേളയായിരുന്നു വേദി.

ഫത്ഹേ അലി ഖാൻ, അസിസ് മിയാൻ, ഇഖ്ബാൽ ഹുസൈൻ ഖാൻ തുടങ്ങിയവരുടെ ഖവ്വാലി സംഗീതം ആലപിച്ച് കൊണ്ട് അതീഖ് ഹുസൈൻ ഖാനും സംഘവും അവതരിപ്പിച്ച സംഗീത വിരുന്ന് ആസ്വാദകർക്ക് പുത്തൻ അനുഭവങ്ങൾ പകർന്നു.
വഖ്ഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ ഉദ്ഘാടനം ചെയ്തു. അക്കാദമി ചൊൻമാൻ ഡോ. ഹുസൈൻ രണ്ടത്താണി അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ അംഗം എൻ. പ്രമോദ് ദാസ്, ഉണ്ണി വാര്യർ, ബഷീർ ചുങ്കത്തറ, പുലിക്കോട്ടിൽ ഹൈദരലി, ബാപ്പു വാവാട്, ഫൈസൽ എളേറ്റിൽ തുടങ്ങിയവർ പ്രസംഗിച്ചു.
