News

അസ്തമിച്ചത്
“വരയുടെ സൂര്യൻ”

കേവലം രേഖകൾ കൊണ്ട് മലയാള സാഹിത്യ ലോകത്തിന് ഭാഷ്യം രചിച്ച പി.കെ.വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരി (98 ) ഏഴു പതിറ്റാണ്ടിന്റെ സർഗ്ഗാത്മക ജീവിതത്തിന് വിരാമമിട്ട് സ്വർലോകം പൂകി.
“വരകളുടെ പരമേശ്വരൻ ” എന്നാണ് വി.കെ.എൻ അദ്ദേഹത്തെ വിളിച്ചത്. തകഴി, കേശവദേവ്, പൊറ്റെക്കാട്, ബഷീർ, ഉറൂബ്, ഇടശ്ശേരി, എം ടി, എൻവി കൃഷ്ണവാര്യർ, വികെഎൻ, പുനത്തിൽ ….. തുടങ്ങിയ മലയാള സാഹിത്യത്തിന്റെ അപ്പോസ്തലന്മാരുടെയൊക്കെ കൃതികൾക്ക് ചിത്രീകരണം നടത്തി ആ കഥാപാത്രങ്ങളെ അനുവാചക ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചതിൽ നമ്പൂതിരിയുടെ പങ്ക് ചെറുതല്ല.
രണ്ടാമൂഴത്തിലെയും സ്മാരക ശിലകളിലെയും ചിത്രങ്ങൾ ഉദാഹരണങ്ങളാണ്.

1925 സെപ്റ്റംബർ 14 ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായി ജനിച്ചു. ഹൈസ്കൂൾ പഠന ശേഷം പ്രതാപം ക്ഷയിച്ച തറവാട്ടിൽ നിന്ന് തൃശൂരിലേക്ക് പോയി ക്ഷേത്രങ്ങളിൽ മുട്ടുശാന്തിക്കാരനായി ജീവിതം നീക്കുന്നതിനിടയിൽ സംസ്കൃതവും വൈദ്യവും പഠിക്കാൻ തുടങ്ങിയെങ്കിലും തന്റെ വഴി ഇതല്ലെന്ന് മനസ്സിലാക്കി മദിരാശിയിലേക്ക് വണ്ടി കയറി സ്കൂൾ ഓഫ് ആർട്സിൽ ചേർന്ന് ചിത്രകല അഭ്യസിച്ചു.
മലയാള നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ തുടിപ്പുകൾ നമ്പൂതിരി തന്റെ ക്യാൻവാസിൽ പകർത്തി വെച്ചിട്ടുണ്ട്. ലളിതകലാ അക്കാദമി ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ലാവണ്യവും ലാസ്യഭാവങ്ങളും നിറഞ്ഞ നമ്പൂതിരിയുടെ പെൺ ചിത്രങ്ങൾക്ക് അനുപമമായ അഴകുതന്നെയായിരുന്നു. മാതൃഭൂമി ” നമ്പൂതിരിയുടെ സ്ത്രീകൾ ” എന്നൊരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിന്റെ വരകളുടെ തമ്പുരാന് മലയാളമുള്ളിടത്തോളം മരണമുണ്ടാകില്ല.

എഴുതിയത്‌ : സത്യൻ പുളിക്കൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button