കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുതുവല്ലൂർ ദുർഗാദേവി ക്ഷേത്രത്തിൽ ഇന്ന് ബുധനാഴ്ച കാർത്തിക മഹോത്സവത്തിനു മതമൈത്രിയുടെ സന്ദേശം പകരുന്ന സദ്യ.
സദ്യ ഒരുക്കാനുള്ള എല്ലാ വിഭവങ്ങളും എത്തിച്ചത് മഹല്ല് കമ്മിറ്റി ഉൾപ്പെടുന്ന നീറാട് പൗരാവലിയാണ്. കലവറ നിറയ്ക്കൽ ചടങ്ങിലേക്ക് മഹല്ല് ഭാരവാഹികളുടെയും നീറാട് പൗരാവലിയുടെയും നേതൃത്വത്തിൽ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും ഇന്നലെ ചൊവ്വാഴ്ച എത്തിച്ചു. നീറാട് അങ്ങാടിയിൽ നിന്ന് തലച്ചുമടായാണ് വസ്തുക്കൾ നാടൊന്നിച്ചു ക്ഷേത്രത്തിൽ എത്തിച്ചത്.

ഇന്നു കാർത്തിക ഉത്സവത്തിന്റെ ഭാഗമായി നാട്ടുകാരെ ക്ഷേത്ര കമ്മിറ്റി സദ്യയ്ക്കു ക്ഷണിച്ചതു മുതൽ നാട്ടുകാർ ഉത്സവം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലായിരുന്നു. ജാതിമത വ്യത്യാസമില്ലാതെ എത്തിയ നാട്ടുകാരെ ക്ഷേത്രത്തിൽ സ്വീകരിച്ചു.

മഹല്ല് പ്രസിഡന്റ് എ.കെ.കോയ ഹാജി, എളേടത്ത് ഉമറലി, പി.മൊയ്തീൻകുട്ടി നീറാട്, പി.പി.അബ്ദുൽ മജീദ്, പാമ്പോടൻ അബൂബക്കർ, ഒ.കെ.റസാഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാാണ് അരിയും പച്ചക്കറിയും മറ്റും എത്തിച്ചത്.

ക്ഷേത്ര സമിതി പ്രസിഡന്റ് ചന്ദ്രൻ, ട്രസ്റ്റി ചെയർമാൻ ശിവദാസൻ, വിനയരാജൻ മൂസത്, കെ.സി.ഗോപി, കെ.പി.രമേശ്, കെ.പി.ശശിരാജ്, വി.കെ.നാരായണൻകുട്ടി തുടങ്ങിയവർ സ്വീകരിച്ചു.
….