കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനു പുറപ്പെട്ട തീർത്ഥാടകൻ മക്കയിൽ ഹൃദായാഘാതം മൂലം മരണപ്പെട്ടു.
കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയിൽ അതൃമാൻ (70 വയസ്സ്) എന്നവരാണ് മക്കയിൽ മരണപ്പെട്ടത്. ജൂൺ അഞ്ചിന് പുലർച്ചെ 4.25 ന് കരിപ്പൂരിൽ നിന്നും പുറപ്പെട്ട ഐ.എക്സ് 3029 നമ്പർ വിമാനത്തിൽ ഭാര്യ സുബൈദയോടൊപ്പമാണ് ഇദ്ദേഹം മക്കയിലെത്തിയത്.

ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇദ്ദേഹത്തെ മക്കയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ത്യൻ ഹജ്ജ് മിഷൻ, എംബസി എന്നിവയുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ബന്ധുക്കളും ബന്ധപ്പെട്ട് ജനാസ മക്കയിൽ മറവ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വിടപറഞ്ഞ തീർത്ഥാടകന്റെ പാരത്രീക വിജയത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അഭ്യർത്ഥിച്ചു.