നാലു സെന്റില്‍ 5 മീറ്റര്‍ ഉയരുമുള്ള കൂറ്റന്‍ കൂടുമായി അനസ് എടത്തൊടിക.
ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടിക കളിക്കളത്തിൽ മാത്രമല്ല, കിളികളോടുള്ള സമീപനത്തിലും വേറിട്ട താരമാണ്. നാലു സെന്റിൽ 5 മീറ്റർ ഉയരുമുള്ള കൂറ്റൻ കൂട് നിർമിച്ചു നൽകിയാണ് അനസ് കിളികളെ പരിപാലിക്കുന്നത്.
കിളികളോടു ചെറുപ്പം മുതൽ പ്രിയമായിരുന്നു ഇന്ത്യൻ താരം അനസ് എടത്തൊടികയ്ക്ക്. എന്നാൽ, കിളികളെ കൂട്ടിലിട്ടു വളർത്തുന്ന രീതിയോട് അനസിന്റെ മാതാവ് കദീജയ്ക്ക് താൽപര്യമില്ലായിരുന്നു. ചെറിയ കൂട്ടിലിട്ടു വളർത്തുമ്പോൾ കിളികൾ എങ്ങനെ പറക്കും എന്നായിരുന്നു ഉമ്മയുടെ ചോദ്യം. അതിനുള്ള ഉത്തരമാണ് അനസിന്റെ വീട്ടുമുറ്റത്ത് ഇപ്പോൾ കാണുന്ന കൂറ്റൻ കൂട്.
കൊണ്ടോട്ടി മുണ്ടപ്പലത്തെ വീടിനോടു ചേർന്ന് നാലു സെന്റ് സ്ഥലത്താണ് കൂടൊരുക്കിയിട്ടുള്ളത്. 5 മീറ്റർ ഉയരമുണ്ട്. അതിനകത്ത് മരങ്ങളും മീൻ കുളവും മറ്റുമായി കിളികൾക്ക് ആവശ്യമായതെല്ലാം ഒരുക്കിയിട്ടുണ്ട്. ഉമ്മ പറഞ്ഞതുപോലെ കിളികൾക്കു പാറിപ്പറന്നു കളിക്കാവുന്ന കാടിന്റെ പ്രതീതിയുള്ള കൂട്. എന്നാൽ, ഈ കൂട് കാണാൻ ഇപ്പോൾ ഉമ്മയില്ലെന്ന സങ്കടം മാത്രം.
ലോക്ഡൗണിൽ വീട്ടിൽത്തന്നെ ആയതിനാൽ കിളികൾക്കൊപ്പമാണ് അനസ്. ഭാര്യ സുലൈഖ, മകൻ ഷഹ്ഷാദ് മുഹമ്മദ്, മകൾ ഫാത്തിമ ഷാസ്മിൻ എന്നിവർ തീറ്റ കൊടുക്കാനും പരിചരിക്കാനും കൂടെയുണ്ട്.
ഫിഞ്ച്, ജാവ, കോകോ ടൈൽ, ലോങ് ടൈൽ, ഡയമണ്ട് ഡോവ, സൺ കൊണ്ണൂർ, പൈനാപ്പിൾ കൊണൂർ, ഗ്രീൻ ചീക്ക്, ബംഗാളി ഫിഞ്ച്, ആഫ്രിക്കൻ ലൗ ബേഡ്സ്, ഫിഷർ തുടങ്ങി എഴുപതോളം കിളികളാണ് ഈ താരത്തിന്റെ വീട്ടുമുട്ടത്തുള്ളത്.
കൂടുതൽ മരങ്ങളും മറ്റും ഒരുക്കി കിളികൾക്കു കൂട്ടിനുള്ളിലെ സൗകര്യം വർധിപ്പിക്കാനും അനസ് ആലോചിക്കുന്നുണ്ട്.