വായിക്കാൻ ഇഷ്ടമുള്ള പുസ്തകവുമായി അധ്യാപകർ വിദ്യാർഥികളുടെ വീടുകളിലെത്തും. ഒരൊറ്റ മെസേജ് മാത്രം മതി. സ്കൂൾ ലൈബ്രറിയിൽ നിന്നു പുസ്തകം തിരഞ്ഞുപിടിച്ച് അധ്യാപകർ വിദ്യാർഥിയെ തേടിയെത്തും . കൊണ്ടോട്ടി കൊട്ടുക്കരയിലാണ് ഈ വേറിട്ട അക്ഷര സ്നേഹം.
കൊട്ടുക്കര പിപിഎം ഹയർ സെക്കൻഡറി സ്കൂൾ മലയാളം വിഭാഗം
അധ്യാപകർ ബഷീർ ദിനത്തിലാണ് പദ്ധതി ആരംഭിച്ചത്. വായനാദിനത്തിൽ തുടങ്ങിയ അക്ഷര സ്നേഹ പദ്ധതിയുടെ ഭാഗമായിരുന്നു അധ്യാപകരുടെ പുസ്തകവുമായുള്ള വിരുന്ന്. ലോക്ഡൗൺ നിയന്ത്രണങ്ങൾ ആയതോടെ സ്കൂൾ ലൈബ്രറിയിൽനിന്നു പുസ്തകങ്ങൾ കൊണ്ടുപോകലും വായനയും നിലച്ചിരുന്നു. ഇതൊഴിവാക്കാനാണ് വിദ്യാർഥികൾക്ക് ആവശ്യമുള്ള പുസ്തകവുമായി വീടുകളിലെത്തുന്ന പദ്ധതി ആരംഭിച്ചത്.
വായന ദിനത്തിൽ ഇഷ്ടപ്പെടുന്ന പുസ്തകങ്ങളുടെ പേരുകൾ ക്ഷണിച്ചിരുന്നു. അവ തിരഞ്ഞെടുത്താണ് അധ്യാപകർ വീടുകളിലെത്തിയത്. പ്രധാനാധ്യാപകൻ പി.കെ.സുനിൽ കുമാർ, സാജിത അറക്കൽ, എൻ.പി.അബ്ദുൽ അസീസ്, അഹമ്മദ് റിയാസ്, ടി.പി.ബാസിം, പി.രേഖ, ഗായത്രി ദേവി, ഷബില എന്നിവർ നേതൃത്വം നൽകി.