Local NewsNews

കോഴിക്കോട് വിമാനാപകടത്തിന് ഒരു വയസ്സ്. ലോകം വാഴ്ത്തിയ രക്ഷാപ്രവർത്തനത്തിനും.

Story Highlights
  • ഓഗസറ്റ് ഏഴിന് ഒരു വർഷം തികയുന്നു
  • അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വന്നില്ല.
  • വലിയ വിമാന സർവീസുകൾ ഇതുവരെ പുനസ്ഥാപിച്ചിട്ടുമില്ല.
  • നഷ്ടപരിഹാരത്തുക ലഭിക്കാതെ പല കുടുംബങ്ങളും യാത്രക്കാരും ഇനിയുമുണ്ട്.

കരിപ്പൂരിലെ വിമാനാപകടത്തിന് ഓഗസറ്റ് ഏഴിന് ഒരു വർഷം തികയുന്നു. അന്വേഷണ റിപ്പോർട്ടിനു വേണ്ടിയുള്ള കാത്തിരിപ്പിനും അതേ വയസ്സാണ്. നഷ്ടപരിഹാരത്തുക ലഭിക്കാതെ പല കുടുംബങ്ങളും യാത്രക്കാരും ഇനിയുമുണ്ട്. അപകടത്തെത്തുടർന്നു കോഴിക്കോട് വിമാനത്താവളത്തിൽനിന്നു നിർത്തിയ വലിയ വിമാന സർവീസുകൾ ഇതുവരെ പുനസ്ഥാപിച്ചിട്ടുമില്ല.

2020 ഓഗസ്റ്റ് ഏഴ്. സമയം വൈകിട്ട് 7.41. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായിൽ നിന്നുള്ള വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ റൺവേയുടെ കിഴക്കേ അറ്റത്തുനിന്നു തെന്നി 35 മീറ്റർ താഴ്ചയിലേക്കു പതിച്ചു. കരിപ്പൂർ വിമാനത്താവളത്തിന്റെ 33 വർഷ ചരിത്രത്തിലെ ആദ്യത്തെ വലിയ അപകടമായിരുന്നു അത്.

184 യാത്രക്കാരും 6 ജീവനക്കാരുമായി ദുബായിൽ നിന്നു വന്ദഭാരത് രക്ഷാ ദൗത്യത്തിന്റെ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ദുബായ് വിമാനത്താവളത്തിൽനിന്നു പറന്നുയർന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ നാടണയാനുള്ള അടങ്ങാത്ത ആഗ്രഹവുമായി മടങ്ങുന്നവരായിരുന്നു യാത്രക്കാർ. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 21 പേരുടെ അന്ത്യയാത്രയായി അത്.

പരിസരവാസികളും സിഐഎസ്എഫ് ഭടന്മാരും അഗ്നിശമന സേനയും പോലീസും ജനപ്രതിനിധികളും ഓടിയെത്തി. പിന്നീടു കണ്ടത് ലോകം വാഴ്ത്തിയ ഒരു രക്ഷാപ്രവർത്തന രീതിയായിരുന്നു.

ഉടുതുണി മുറിച്ചെടുത്ത്, യാത്രക്കാരുടെ വേറിട്ടുപോയ കൈകളും കാലുകളും ചേർത്തു കെട്ടി ആശുപത്രിയിലേക്കോടുന്ന നാട്ടുകാർ. ഓരോരുത്തരുടെയും
പരുക്കു നോക്കി ഇടപെട്ടവർ. ആശുപത്രികളുടെ തിരക്കു മിനിറ്റുകൾ ക്കുള്ളിൽ അന്വേഷിച്ചു മനസ്സിലാക്കി വെവ്വേറെ ആശുപത്രികളിലേക്കു കൊണ്ടുപോകാനുള്ള തീരുമാനങ്ങൾ ഒരു ഭാഗത്ത്. വാഹനങ്ങളുടെ ക്രമീകരണവും ഗതാഗത നിയന്ത്രണവും ഏറ്റെടുത്ത് കൂടെ നിന്നവർ വേറെ.

വിമാനം പൊട്ടിത്തെറിക്കുമെന്ന സന്ദേശങ്ങൾ ചെവികൊള്ളാതെ കൂടെപ്പിറപ്പുകളെ രക്ഷിക്കാനിറങ്ങിയ ഒരു നാടിന്റെ സ്നേഹമാണ് അവിടെ കണ്ടത്. കണ്ടയ്മെന്റ് സോണിന്റെ പേരിൽ കെട്ടിയ തടസ്സങ്ങൾക്കു വില നൽകാതെ പാതി ജീവൻ തുടിക്കുന്നവരെയും കൊണ്ട് ആതുരാലയങ്ങളിലേക്ക് ഓടുകയായിരുന്നു. പലരുടെയും ജീവൻ രക്ഷപ്പെടുത്തിയത് ആ മനസ്സു നിറഞ്ഞ രക്ഷാപ്രവർത്തനമാണ്.

ദുബായിലെ ജോലി നഷ്ടപ്പെട്ടു മടങ്ങിയവരായിരുന്നു പലരും. പുതിയ ജോലിക്കു തിരിച്ചു പോകണമെന്ന് ആഗ്രഹിച്ചവരും നാട്ടിൽ പുതിയ ബിസിനസ് ആലോചിക്കണമെന്നു കരുതിയവരും ഉണ്ടായിരുന്നു. അവരിൽ ഏറെ പേരും പരുക്കുകളുടെ പിടിയിലാണിപ്പോൾ. അവരുടെ പുനരധിവാസം, എല്ലാവർക്കും ഉടൻ നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങൾ പ്രധാനപ്പെട്ടതാണ്.

പ്രവാസികളുടെ പ്രിയപ്പെട്ട വിമാനത്താവളമാണു കോഴിക്കോട്. ചെറിയ വിമാനം അപകടത്തിൽ പ്പെട്ടതിന്റെ പേരിൽ വലിയ വിമാന സർവീസുകളാണു താൽ ക്കാലികമായി നിർത്തിവച്ചത്. അതു ഉടൻ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണു കരിപ്പൂർ.

Related Articles

Back to top button