കൊണ്ടോട്ടി: മുന്നോട്ടു നടക്കുന്നതിനിടെ കാണുന്ന വാഹനങ്ങൾക്കു കൈകാണിക്കും. നിർത്തുന്ന വാഹനത്തിൽ ലിഫ്റ്റ് ചോദിച്ചു കയറിപ്പോകും. അല്ലാത്ത സമയങ്ങളിൽ നടത്തം തുടരും. മലപ്പുറത്തുനിന്നു ലഡാക്ക് വരെ ഒരു ഓസി യാത്ര തുടങ്ങിയിരിക്കുകയാണ് സുഹൃത്തുക്കളായ ഫാറൂഖും ആദിലും.
ഇത് ഓസി യാത്ര മാത്രമല്ല, സൗജന്യമായി കിട്ടുന്ന ലിഫ്റ്റിൽ ഉല്ലാസ യാത്ര നടത്തുകയെന്ന ഇന്റർനെറ്റിൽ തരംഗമായ ഹിച്ച് ഹൈക്കിങ്’ എന്ന യാത്രാ രീതിയാണ്. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി എടക്കോട് ഫാറൂഖും സുഹൃത്ത് അരീക്കോട് സ്വദേശി എൻ.പി.മുഹമ്മദ് ആദിലുമാണ് ബുധനാഴ്ച കൊണ്ടോട്ടിയിൽ നിന്ന് ഹിച്ച് ഹൈക്കിങ് യാത്രയുമായി ലഡാക്ക് ലക്ഷ്യമിട്ടു നീങ്ങുന്നത്. ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സന്ദേശവുമായാണ് ഇവരുടെ യാത്ര.
കൈകാണിച്ചാൽ നിർത്തുന്ന വാഹനത്തിൽ കയറും. വാഹനം കിട്ടുംവരെ മുന്നോട്ടു നടക്കും. എത്ര ദിവസംകൊണ്ടു ലഡാക്കിൽ എത്തുമെന്നോ അവിടെനിന്ന് എന്നു മടങ്ങി വീട്ടിലെത്തുമെന്നോ മുൻകൂട്ടി പറയാനാകില്ല. ആസ്വദിച്ചുകൊണ്ടുള്ള സൗജന്യ യാത്ര. ടെന്റ് കെട്ടിയാണ് താമസം. ഭക്ഷണം കഴിക്കാൻ മാത്രമാണ് പണം ചെലവിടുക. ഇരുവരും വിദ്യാർഥികളാണ്.
പല യാത്രകളും നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും ദൂരേക്ക് ഈ രീതിയിൽ ഇതാദ്യമാണെന്ന് ഇരുവരും പറഞ്ഞു.