CultureNews

മത സൗഹാർദത്തിന്റെ പുതിയ പാഠങ്ങൾ പകർന്ന് കൊണ്ടോട്ടി മസ്ജിദുൽ ഇഹ്സാൻ

മത സൗഹാർദത്തിന്റെ പുതിയ പാഠങ്ങൾ പകർന്നും സ്നേഹ സൗഹൃദ മനസ്സുകൾ കൈമാറിയും കൊണ്ടോട്ടി മസ്ജിദുൽ ഇഹ്സാനിൽ നടന്ന സാഹോദര്യ സംഗമം വേറിട്ടുനിന്നു. വെള്ളിയാഴ്ച പള്ളിയിൽ നടന്ന സംഗമത്തിൽ വിവിധ മതസ്ഥർ ഒത്തുകൂടി

ജുമുഅ നമസ്കാരമുള്ള വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർഥനാ സദസ്സിലാണ് വിവിധ മതസ്ഥർ ഒത്തുകൂടിയത് എന്നതുകൂടിയാണ് ഈ സംഗമത്തിന് മാറ്റു കൂട്ടുന്നത്.

കൊണ്ടോട്ടി അങ്ങാടിയിലെ മസ്ജിദുൽ ഇഹ്‌സാൻ ആണ് സൗഹൃദ സദസ്സിനു വേദിയായത്.

ജുമുഅ നമസ്കാരത്തിനു മുൻപുതന്നെ വിവിധ മതവിശ്വാസികൾ പള്ളിയിലെത്തിയിരുന്നു.

ഖത്തീബ് അബ്ദുൽ ഹക്കീം നദ് വി ഖുതുബ പ്രഭാഷണം നിർവഹിച്ചു.
സൗഹൃദവും സ്നേഹവും വിശ്വാസവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യമായിരുന്നു പ്രഭാഷണ വിഷയം. ജുമുഅ നമസ്കാരത്തിനു ശേഷം നടന്ന സാഹോദര്യ സംഗമം കുറ്റിപ്പുറം സെന്റ് ജോർജ് സിറിയൻ ചർച്ച് വികാരി ഫാ.ജോസഫ് പരത്തുവയൽ ഉദ്ഘാടനം ചെയ്തു. ഇത്തരം സ്നേഹ സദസ്സുൾക്കു സമൂഹത്തിൽ കരുതലും ഐക്യവും വളർത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.

കൊണ്ടോട്ടി നഗരസഭാ ഉപാധ്യക്ഷൻ കെ.സനൂപ്, കവി ബാലകൃഷ്ണൻ ഒളവട്ടൂർ, ലാൻഡ് അക്വിസിഷൻ തഹസിൽദാർ ചന്ദ്രൻ, ടി.എ.ശിവരാമൻ, ലയൺസ് ക്ലബ് പ്രസിഡന്റ് സി.ഗിരീഷ്, മത്തായി, ഡയലോഗ് സെന്റർ കേരള സെക്രട്ടറി ജി.കെ.എടത്തനാട്ടുകര തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button