കരിപ്പൂർ | എയർപോർട്ട് പരിസരത്തെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിവന്ന സംഘത്തിലെ രണ്ടു പേർ പിടിയിലായി. വേങ്ങര കണ്ണമംഗലം എടക്കാപറമ്പ് സ്വദേശി പട്ടർകടവൻ ഉബൈദ് (38), പുളിക്കൽ വലിയപറമ്പ് പള്ളിപീടിക സ്വദേശി പിലാതോട്ടത്തിൽ അബ്ദുൽ സലീം (45) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നു വില്പനക്കായി കൊണ്ടുവന്ന 2.8ഗ്രാം എംഡിഎംഎ, 8 മൊബൈൽ ഫോണുകൾ, പണം, കാർ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. വിമാനത്താവള പരിസരത്തെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ലോഡ്ജിലെ ജീവനക്കാരുടെ സഹായം ഇയാൾക്കു ലഭിച്ചതായി പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി എസ്.ശശിധരനു ലഭിച്ച വിവരത്തെ തുടർന്ന് ഡിവൈഎസ്പി പി. ഷിബു, കരിപ്പൂർ സബ് ഇൻസ്പക്ടർ ഷാജി എന്നിവരുടെ നേതൃത്വത്തിൽ കരിപ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.