ക്വാറിയിൽ ഉപയോഗിക്കുന്ന വസ്‌തുവെന്നു നിഗമനം
മൊറയൂർ അരിമ്പ്ര പൂതനപ്പറമ്പിൽ ക്വാറി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സ് മുറ്റത്ത് ഇന്നലെ രാത്രി സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ മലപ്പുറത്തുനിന്നു ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി സാംപിൾ ശേഖരിച്ചു. ക്വാറിയിൽ ഉപയോഗിക്കുന്ന സ്ഫോടക വസ്‌തു ആണെന്നാണു നിഗമനം. അശ്രദ്ധമായി കൈകാര്യം ചെയ്‌തതാകാം പൊട്ടിത്തെറിക്കു കാരണമായത് എന്നാണു കുരുതുന്നത്.

സംഭവ സ്‌ഥലത്തുനിന്നു ശേഖരിച്ച സാംപിൾ ഫോറൻസിക് ലാബിലേക്ക് അയയ്ക്കുമെന്ന് ബോംബ് സ്‌ക്വാഡ് പറഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെയാണു സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ക്വാർട്ടേഴ്‌സിന്റെ പുറത്ത് ചപ്പുചവറുകൾ കത്തിച്ചപ്പോൾ ആണു പൊട്ടിത്തെറി ഉണ്ടായത് എന്നാണു നിഗമനം. ക്വാറിയിൽ ഉപയോഗിക്കാനായി എത്തിച്ച ശേഷം ഉപേക്ഷിച്ച വസ്തു ആകാമെന്നാണു കരുതുന്നത്. വലിയ ശബ്ദത്തിലായിരുന്നു പൊട്ടിത്തെറിയെന്നു നാട്ടുകാർ പറഞ്ഞു. തൊഴിലാളികൾ താമസിക്കുന്ന വീടിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. സ്‌ഥലത്തെത്തിയ പൊലീസും ബോംബ് സ്‌ക്വാഡും അർധരാത്രിയോടെയാണു പരിശോധന കഴിഞ്ഞു മടങ്ങിയത്. സിഐ എ.ദീപകുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു.