NewsPravasam

കേരളത്തിൽ നിന്നുള്ള ഹജ് യാത്ര ജൂൺ 9 വരെ

• ഹജ്ജ് ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

14365 പേർ മക്കയിലെത്തി

കരിപ്പൂരിൽ നിന്നും 9210
കൊച്ചിയിൽ നിന്നും 3712
കണ്ണൂരിൽ നിന്നും 1443

കരിപ്പൂർ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി ഇന്ന് (6.6.2024 വ്യാഴം) വരെ 14365 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി.

കരിപ്പൂരിൽ നിന്നും 56 വിമാനങ്ങളിലായി 9210 പേരും കൊച്ചിയിൽ നിന്നു 13 വിമാനങ്ങളിലായി 3712 പേരും കണ്ണൂരിൽ നിന്നും നാല് വിമാനങ്ങളിലായി 1443 പേർ എന്നിങ്ങനെയാണ് യാത്രയായത്. ഇത് വരെ പുറപ്പെട്ടവരിൽ 5519 പേർ പുരുഷന്മാരും 8846 പേർ വനിതാ തീർത്ഥാടകരുമാണ്.


വെള്ളിയാഴ്ച പുറപ്പെടുന്ന വിമാനങ്ങൾ ഉൾപ്പടെ കരിപ്പൂരിൽ 8, കൊച്ചിയിൽ 3, കണ്ണൂരിൽ 5 വീതം സർവ്വീസുകളാണ് ഇനി അവശേഷിക്കുന്നത്.
ജൂൺ 9 ഞായറാഴ്ച ക്യാമ്പുകൾക്ക് പരിസമാപ്തിയാവും. കണ്ണൂരിൽ നിന്നാണ് ഈ വർഷത്തെ അവസാന ഹജ്ജ് വിമാനം പുറപ്പെടുക. ജൂൺ 10 ന് പുലർച്ചെ 1.55 ന് പുറപ്പെടുന്ന വിമാനത്തിൽ 361 പേരാണ് യാത്രയാവുക.


ഇന്ന് 6.6.2024 വ്യാഴാഴ്ച കരിപ്പൂരിൽ നിന്നും അഞ്ച് വിമാനങ്ങൾ സർവ്വീസ് നടത്തി.

ചെയർമാൻ സൗദിയിൽ

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഹജ്ജ് കർമ്മത്തിനായി കഴിഞ്ഞ ദിവസം പുറപ്പെട്ടു. ഹജ്ജിന് മുമ്പ് മദീന സന്ദർശനം പൂർത്തിയാക്കി അടുത്ത ആഴ്ച മക്കയിലെത്തുന്ന അദ്ദേഹം മലയാളി തീർത്ഥാടകരെ സന്ദർശിക്കും. ഹാജിമാരുടെ സേവനത്തിനായി അനുഗമിച്ച വോളണ്ടിയർമാരെയും ഉദ്യോഗസ്ഥരേയും നേരിൽ കണ്ട് ഒരുക്കങ്ങൾ സംബന്ധിച്ച് സംസാരിക്കും.

ഇന്ന് ( വ്യാഴം ) കരിപ്പൂരിലെ യാത്രയയപ്പ് സംഗമങ്ങളിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീൻ കുട്ടി, ഉമർ ഫൈസി മുക്കം, ഡോ. ഐ.പി അബ്ദു സലാം എന്നിവവരും അസി.സെക്രട്ടറി എൻ. മുഹമ്മദലി, ഹജ്ജ് സെൽ സ്പെഷ്യൽ ഓഫീസർ യു.അബ്ദുൽ കരീം ഐ.പി.എസ് (റിട്ട), സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി (എസ്.പി), ഊരകം അബ്ദു റഹ്മാൻ സഖാഫി, യുസുഫ് പടനിലം തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button