കൊണ്ടോട്ടി | യുഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ ചെയർപഴ്സൻ സ്ഥാനം മുസ്ലിം ലീഗ് വിട്ടുനൽകുന്നില്ല എന്നാരോപിച്ച് കോൺഗ്രസ് രാജിവച്ച വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 19 നു നടക്കും. രാവിലെ 11 നു നഗരസഭാ കാര്യാലയത്തിലാണ് വോട്ടെടുപ്പ് നടക്കുക. വൈസ് ചെയർമാൻ കോൺഗ്രസിലെ പി.സനൂപ് രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. കോൺഗ്രസിലെ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ അബീന പുതിയറക്കലും രാജി നൽകിയിരുന്നു. ആരോഗ്യ സ്ഥിര സമിതി അധ്യക്ഷയയെ തിരഞ്ഞെടുക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. പാർട്ടി തീരുമാന പ്രകാരം മാർച്ച് 20നാണ് ഇരുവരും രാജിവച്ചത്. നഗരസഭാ അധ്യക്ഷ സ്ഥാനം 3 വർഷം ലീഗിനും 2 വർഷം കോൺഗ്രസിനും എന്നു ധാരണയുണ്ടെന്നും ലീഗ് ധാരണ പാലിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. തുടർന്നായിരുന്നു രാജി. എന്നാൽ, അങ്ങനെയൊരു ധാരണ ഉണ്ടായിരുന്നില്ല എന്നാണ് ലീഗ് നിലപാട്.
40 അംഗങ്ങളുള്ള നഗരസഭയിൽ മുസ്ലിം ലീഗിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്.
മുസ്ലിം ലീഗ് -23, കോൺഗ്രസ് -8, എൽഡിഎഫ് -6, സ്വതന്ത്രർ -3 എന്നിങ്ങനെയാണ് കക്ഷിനില.
political desk air one