ഉന്നത ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു
കൊണ്ടോട്ടി: സാംസ്‌കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ടിൻ്റെ മരണത്തോടെ ചർച്ചയായ പുളിക്കൽ പാണ്ടിയാട്ടുപുറത്തെ വ്യവസായ സ്‌ഥാപനത്തിൻ്റെ പ്രവർത്തനം ഉടമകൾ അവസാനിപ്പിച്ചു.
സ്ഥാപനത്തിനെതിരെ നിയമ നടപടികളും യുഡിഎഫിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ പരിപാടികളും തുടരുന്നതിനിടെയാണ് ഉടമകൾതന്നെ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ചത്. ഇക്കഴിഞ്ഞ മേയ് 26 നാണു പുളിക്കൽ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ റസാഖിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. റസാഖിന്റെറെ ജ്യേഷ്‌ഠൻ ശ്വാസകോശ സംബന്ധമായ രോഗംമൂലം മരിക്കാൻ കാരണമായത് ഈ സ്‌ഥാപനത്തിൽ നിന്നുള്ള വിഷവായു ശ്വസിക്കുന്നതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. റസാഖിൻ്റെ മരണത്തോടെ സമരം യുഡിഎഫ് ഏറ്റെടുത്തു.
ഉന്നത ഉദ്യോഗസ്ഥർ എത്തി
സ്‌ഥാപനത്തിനെതിരെ റസാഖിൻ്റെ സഹോദരൻ ജമാലുദ്ദീൻ പയമ്പ്രോട്ട്, പരിസരവാസി കെ. അബ്ദുൽ അസീസ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡിനോട് വിഷയം പരിശോധിക്കാൻ ഹൈക്കോടതി നിർദേശമുണ്ടായിരുന്നു. തുടർന്ന് ഉപസമിതി രൂപീകരിച്ചതായും കഴിഞ്ഞയാഴ്‌ച ഹിയറിങ് നടന്നതയും ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് സംരംഭത്തിന്റെ നിലവിലെ സ്‌ഥിതി പരിശോധിക്കാനായി കഴിഞ്ഞ ദിവസം ജില്ലാ വ്യവസായ വകുപ്പ്, ജില്ലാ മെഡിക്കൽ ഓഫിസ്, മലിനീകരണ നിയന്ത്രണ ബോർഡ്, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ എന്നീ വകുപ്പധികൃതർ സസ്ഥലത്തെത്തിയപ്പോൾ ആണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിയതായി കണ്ടത്. യന്ത്രസാമഗ്രികൾ കൊണ്ടുപോയതായും ഉദ്യോഗസ്ഥർ കണ്ടെത്തി.