സംസ്ഥാനത്ത് വീണ്ടും നിപ
കോഴിക്കോട്| പനിയെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ മരിച്ച രണ്ടുപേർക്ക് നിപയെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. കേന്ദ്രസംഘം സംസ്ഥാനത്തെത്തുമെന്നും സംസ്ഥാന ആരോഗ്യമന്ത്രിയുമായി സംസാരിച്ചെന്നും കേന്ദ്ര
ആരോഗ്യമന്ത്രി വ്യക്തമാക്കി. സംശയമുള്ള നാല് സാംപിളുകളുടെ ഫലം കൂടി വരാനുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കോഴിക്കോട് കനത്ത ജാഗ്രത
മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ടും ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ടും അടച്ചിടും. രണ്ടുസ്ഥലങ്ങളും അഞ്ചു കിലോമീറ്റർ പരിധിയിലാകും അടച്ചിടുക.
കോഴിക്കോട് കലക്ടറേറ്റിൽ അടിയന്തര യോഗം ചേർന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ 75 ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതിൽ ആറെണ്ണം ഐ സി യു സൗകര്യമുള്ളതും നാലെണ്ണം വെന്റിലേറ്റർ സൗകര്യമുള്ളതുമാണ്. കുട്ടികൾക്ക് വേണ്ടി പ്രത്യേക സൗകര്യം തയ്യാറാക്കിയിട്ടുണ്ടെന്നും ഐസൊലേഷൻ വാർഡുകളുടെ ക്രമീകരണം വിലയിരുത്തിയ ശേഷം മന്ത്രി വ്യക്തമാക്കി.