News

ഹജ് സീസൺ കഴിഞ്ഞാൽ കരിപ്പൂരിൽ ഹജ് ഹൗസും വനിതാ ബ്ലോക്കും വാടകയ്ക്ക് നൽകും

കരിപ്പൂർ | ഹജ്ജ് സീസൺ കഴിഞ്ഞ ശേഷമുള്ള സന്ദർഭങ്ങൾ സെമിനാറുകൾക്കും മറ്റുമായി ഹജ്ജ് ഹൗസിന്റെ രണ്ട് കെട്ടിടങ്ങളും വ്യവസ്ഥകളോടെ വാടകക്കു നൽകാനും പൊതു ജനങ്ങളെ ഇക്കാര്യം അറിയിക്കാനും സംസ്ഥാന ഹജ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ഹജ് നടപടിക്രമങ്ങൾ ഇല്ലാത്ത മാസങ്ങളിലാണ് വാടകയ്ക്ക് ലഭിക്കുക.
ഇന്ന് ചേർന്ന ഹജ്ജ് കമ്മിറ്റി യോഗത്തിൽ ചെയർമാന്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

വലിയ വിമാനങ്ങൾക്ക് അനുമതി വേണം

എയർപോർട്ടിന്റെ റീ കാർപറ്റിംഗ് ജോലികൾ പൂർത്തിയായതിനാൽ വലിയ വിമാനങ്ങൾക്ക് ലാൻഡ്ചെയ്യാൻ അനുവാദം നൽകണമെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടു. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിവേദനം നൽകാനും തീരുമാനിച്ചു.

മികച്ച സേവനം

ഇത്തവണ ഹജ്ജ് ക്യാമ്പുകൾ നടത്തിയ കോഴിക്കോട്,കൊച്ചി കണ്ണൂർ എന്നീ പുറപ്പെടൽ കേന്ദ്രങ്ങളുടെ പ്രവർത്തന റിപ്പോർട്ടും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായ പുരോഗതികളും യോഗം വിലയിരുത്തി.
ഇത്തവണ സംസ്ഥാന ഗവൺമെന്റിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും പരിധിയിൽപ്പെട്ട എല്ലാ കാര്യങ്ങളും മെച്ചപ്പെട്ട നിലയിൽ നടത്തിയിട്ടുണ്ട്. മക്കയിലും മദീനയിലും താമസവും ഭക്ഷണവും വളണ്ടിയർമാരുടെ പ്രവർത്തനവും കോഡിനേറ്റ് ചെയ്യാൻ സംസ്ഥാന സർക്കാറും ഹജ്ജ് വകുപ്പ് മന്ത്രി വി .അബ്ദുറഹ്മാനും നോഡൽ ഓഫീസറായി ജാഫർ മാലികിനെ ചുമതലപ്പെടുത്തിയത് ഏറെ ഉപകാരപ്പെട്ടു. മക്കയിലും മദീനയിലും മികച്ച താമസ സൗകര്യങ്ങൾ ഏർപ്പെടുത്തിയതിൽ കേന്ദ്ര ഗവൺമെന്റിനെയും യോഗം അഭിനന്ദിച്ചു.


ഹജ്ജിന്റെ ക്രമീകരണങ്ങളെ കുറിച്ച് തെറ്റായി ചിത്രീകരിക്കുന്ന റിപ്പോർട്ടുകൾ അനുചിതവും ദുരുദ്ദേശപരവുമാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാന ഗവൺമെന്റിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും പരിധിയിൽപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ശ്ലാഘനീയമായി നിർവഹിച്ചിട്ടുണ്ടെന്നും ചില ഒറ്റപ്പെട്ട സംഭവങ്ങൾ സ്വാഭാവികമാണെന്നും ന്യൂനതകൾ പരിഹരിക്കാൻ അടുത്ത വർഷം എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും യോഗം വ്യക്തമാക്കി.
അംഗങ്ങളായ അഡ്വ. പി. മൊയ്തീൻകുട്ടി, ഡോ: ഐ .പി. അബ്ദുസ്സലാം, കെപി. സുലൈമാന്‍ ഹാജി, കടക്കൽ അബ്ദുൽ അസീസ് മൗലവി, ഉമർ ഫൈസി മുക്കം, സഫർ കയാൽ കൊല്ലം, പി.ടി. അക്ബർ, മുഹമ്മദ് റാഫി നീലേശ്വരം, മുഹമ്മദ് കാസിം കോയ പൊന്നാനി, എക്സിക്യൂട്ടീവ് ഓഫീസർ പി.എം. ഹമീദ്‌ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button