കരിപ്പൂർ | കോഴിക്കോട് വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. തിങ്കളാഴ്ച രാവിലെ എയർ അറേബ്യ വിമാനത്തിൽ കെനിയയിലെ നൈറോബിയിൽ നിന്നു ഷാർജ വഴി എത്തിയ ഉത്തർപ്രദേശിലെ മുസാഫർ നഗർ സ്വദേശിയായ രാജീവ് കുമാറിൽ (27) നിന്നും ഏകദേശം അഞ്ചു കിലോഗ്രാമോളം ലഹരി വസ്തുക്കളാണ് കോഴിക്കോട് നിന്നെത്തിയ ഡി ആർ ഐ ഉദ്യോഗസ്ഥർ പിടികൂടിയത്.
തന്റെ ബാഗേജിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 3490.49 ഗ്രാം കൊക്കയിനും 1296.2 ഗ്രാം ഹെറോയിനും ആണ് ഉദ്യോഗസ്ഥർ പിടികൂടിയത്. രാജീവ് കുമാർ തന്റെ ബാഗേജിനുള്ളിൽ കൊണ്ടുവന്ന ഷൂസുകളുടെയും ഹാൻഡ് പേഴ്‌സുകളുടെയും ഹാൻഡ് ബാഗുകളുടെയും പിക്ചർ ബോർഡുകളുടെയും ഫോൾഡർ ഫയലുകളുടെയും ഉള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ചാണ് ഈ ലഹരി കടത്താൻ ശ്രമിച്ചത്. പിടികൂടിയ ലഹരി വസ്തുക്കൾക്ക് വിപണിയിൽ ഏകദേശം 44 കോടി രൂപ വില മതിക്കുമെന്നാണ് കണക്കാക്കുന്നത്. സംഭവത്തിൽ ഡിആർഐ ഉദ്യോഗസ്ഥർ അന്വേഷണം വിപുലപ്പെടുത്തി.