കൊണ്ടോട്ടി: പുളിക്കലിലെ ഓർഫനേജിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥി മരിച്ച നിലയിൽ.
പുളിക്കൽ മദീനത്തുൽ ഉലൂമിനു കീഴിലുള്ള ഓർഫനേജിൽ അന്തേവാസിയായ
ചെർപ്പുളശ്ശേരി കുറ്റിക്കോട് കുപ്പത്തൊടി വീട്ടിൽ ഷെബിൻ (13) ആണു മരിച്ചത്. പുളിക്കൽ എഎം എം ഹൈസ്കൂളിൽ ഏട്ടാം ക്ലാസ് വിദ്യാർഥിയാണ്. ഓർഫനേജിലെ വിദ്യാർഥിയെ താമസ സ്ഥലത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്കു പോയതായിരുന്നു.
മറ്റു കുട്ടികൾ കണ്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിനു കൊണ്ടോട്ടി പൊലീസ് കേസെടുത്തു. പിതാവ് പരേതനായ അലി അക്ബർ. മാതാവ്: ഷാഹിന. സഹോദരങ്ങൾ: ഷഹബാസ്, ഷിബിൻ.