…..
കൊണ്ടോട്ടി | വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സ്‌കൂട്ടറിൽ നിന്നു വീണ് യുവാവ് മരിച്ചു. പള്ളിക്കൽ ബസാറിനടുത്ത് റൊട്ടിപ്പീടികയിൽ താമസിക്കുന്ന പാണമ്പ്ര തോന്നിയിൽ സെയ്തലവിയുടെ മകൻ കല്ലുവളപ്പിൽ ഷാഹുൽ ഹമീദ് (കുഞ്ഞിപ്പ-27) ആണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

ഷാഹുൽ ഹമീദ് പള്ളിക്കൽ ബസാറിലെ കോഴിക്കടയിൽ ജീവനക്കാരനാണ്. കടയിൽ നിന്നും റൊട്ടിപ്പീടികയിലുള്ള വീട്ടിലേക്കു പോകവേ, ഇയാൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ റോഡിൽ തെന്നി മറിയുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാഹുൽ ഹമീദിന്റെ വിവാഹം ഈ മാസം 16-ന് നടത്തുവാൻ നിശ്ചയിച്ചിരുന്നു. ശനിയാഴ്ച പോസ്‌റ്റ്മോർട്ടത്തിനു ശേഷം നെടുങ്ങോട്ടുമാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും. മാതാവ് :സുലൈഖ.സഹോദരങ്ങൾ: ഫാസില, ബുഷറ, മുബഷിറ, ഫിദ, ദിൽക്കാസ.