കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരൻ ദേശീയപാതയിലുണ്ടായ അപകടത്തിൽ ലോറിക്കടിയിൽപ്പെട്ടു മരിച്ചു. വിമാനത്താവളത്തിലെ കരാർ കമ്പനിക്ക് കീഴിൽ എസ്‌കലേറ്റർ ഓപ്പറേറ്റർ ആയ ചേലേമ്പ്ര സ്വദേശി പി.അജീഷ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. വിമാനത്താവളത്തിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാനായി സ്‌കൂട്ടറിൽ പോകുമ്പോൾ ദേശീയപാതയിൽ കൊളത്തൂരിന് സമീപം ആയിരുന്നു അപകടം.
അതേ ദിശയിൽ പോകുകയായിരുന്ന ചരക്കു ലോറിക്കടിയിൽപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ കൊണ്ടോട്ടി പൊലീസ് അന്വേഷിക്കുന്നു.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്കരിക്കും.