കരിപ്പൂർ: സുഡാനിൽ അധികാരം പിടിക്കാൻ സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്സും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിനിടെ വെടിയേറ്റു മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. വിമുക്തഭടനായ കണ്ണൂർ ആലക്കോട് നെല്ലിപ്പാറ കാക്കടവ് ആലവേലിൽ ആൽബർട്ട് അഗസ്റ്റിന്റെ (48) മൃതദേഹമാണു കോഴിക്കോട് വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്.
ആറു മാസമായി ഒരു കമ്പനിയുടെ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തുവരികയായിരുന്ന ആൽബർട്ടിന്, താമസിക്കുന്ന ഫ്ലാറ്റിന്റെ ജനലിലൂടെയാണു വെടിയേറ്റത്. രണ്ടാഴ്ച മുൻപെത്തിയ ഭാര്യ സൈബല്ലയും മകൾ മരീറ്റയുമൊത്തു നാട്ടിലേക്കു
മടങ്ങാനിരിക്കെയായിരുന്നു ദുരന്തം.
ഡൽഹിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ ഇന്ന് രാത്രി 9.15 കരിപ്പൂരിലെത്തിയ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി 10 മണിയോടെ ബന്ധുക്കൾക്കു കൈമാറി. ഭാര്യാ സഹോദരനും മറ്റു ബന്ധുക്കളും ചേർന്നു മൃതദേഹം ഏറ്റുവാങ്ങി ആംബുലൻസിൽ കണ്ണൂരിലേക്കു തിരിച്ചു.