കരിപ്പൂർ: ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം ഒന്നര കോടി രൂപ വില മതിക്കുന്ന രണ്ടര കിലോഗ്രാമോളം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി.
ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ വന്ന കോഴിക്കോട് കാന്തപുരം സ്വദേശി മുഹമ്മദ് അഫ്നാസിൽ (23) നിന്നും 1147 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ വന്ന മലപ്പുറം പട്ടർകുളം സ്വദേശി യാസിമിൽ (27) നിന്നും 1567 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ അഞ്ചു ക്യാപ്സൂളുകളുമാണ് പിടികൂടിയത്.
ഈ സ്വർണ്ണമിശ്രിതത്തിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.