മലപ്പുറം: അരിയിൽ ഷുക്കൂർ വധക്കേസിൽ ടി.പി.ഹരീന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നു മുസ്‌ലിംലീഗ് നേതൃത്വത്തിന് ബോധ്യപ്പെട്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും മുസ് ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.പി ജയരാജൻ വിഷയത്തിൽ തന്റെ നിലപാട് വലിയ ചർച്ചയായി. അത് രാഷ്ട്രീയമാണ്. അതിൽ പ്രശ്നമില്ല. പക്ഷേ, അരിയിൽ ഷുക്കൂർ മുസ്ലിം ലീഗ് പ്രവർത്തകരുടെ വികാരമാണ്. അത് ഉപയോഗിച്ച് തനിക്കെതിരെ ആരോപണം ഉന്നയിച്ചവർക്കെതിരെ ഏതറ്റം വരെയും പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി തന്നെ ആരോപണം തള്ളിയിട്ടുണ്ട്. വെളിപാടിന് പിന്നിൽ എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് ഗൂഢാലോചന ബോധ്യപ്പെട്ടത്. ഈ കേസ് ഞാൻ വിടുന്ന പ്രശ്‌നമില്ല. നിയമപരമായി നേരിടും. – അദ്ദേഹം പറഞ്ഞു.