കരിപ്പൂർ: അയനിക്കാട് ഭാഗത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രി ബംഗാൾ സ്വദേശിയായ കാദർ അലി ഷെയ്ഖ് കൊല്ലപ്പെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുന്ന ബംഗാൾ ബർധമാൻ സ്വദേശി മൊഹിദുൽ ഷേഖ് ആണ് കസ്റ്റഡിയിൽ ഉള്ളത്. വിമാനത്താവളത്തിലെ സാറ്റലൈറ്റ് സ്റ്റേഷൻ നിർമാണ ജോലിയുമായി ബന്ധപ്പെട്ട് എത്തിയതാണ് ഇരുവരും.
ഇവർ താമസിക്കുന്നതു വിമാനത്താവളത്തിനു സമീപപ്രദേശമായ അയനിക്കാടാണ്. താമസ സ്ഥലത്തിനു തൊട്ടടുത്താണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. കല്ലുകൊണ്ട് തലയിൽ അടിയേറ്റതാണ് ഗുരുതരമായി പരുക്കേൽക്കാൻ കാരണമെന്നാണു പ്രാഥമിക നിഗമനം.
ജോലി സ്ഥലത്തു നിന്നു തുടങ്ങിയ ജോലികാര്യവുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത് എന്നാണ് കരുതുന്നത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. ഫോറൻസിക്, സയന്റിഫിക് വിദഗ്ധർ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു.