കരിപ്പൂർ: അയനിക്കാട് ഭാഗത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഒരാൾ മരിച്ചു. ബംഗാൾ സ്വദേശിയായ കാദർ അലി ഷെയ്ഖ് (32) ആണു മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുന്ന ബംഗാൾ സ്വദേശിയെ കരിപ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണു സംഭവം.

വിമാനത്താവളത്തിലെ നിർമാണ ജോലിയുമായി ബന്ധപ്പെട്ട് എത്തിയതാണ് തൊഴിലാളികൾ. ഇവർ താമസിക്കുന്നതു വിമാനത്താവളത്തിനു സമീപപ്രദേശമായ അയനിക്കാടാണ്. താമസ സ്ഥലത്തിനു തൊട്ടടുത്താണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.

കല്ലുകൊണ്ട് തലയിൽ അടിയേറ്റതാണ് ഗുരുതരമായി പരുക്കേൽക്കാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. മലപ്പുറത്ത് നിന്ന് ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി.