കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ആഗമന ടെർമിനലിൽ പുതിയതായി പ്രവർത്തനമാരംഭിച്ച പോലീസ് എയ്ഡ്-പോസ്റ്റിൽ നൂതന സി. സി. ടി. വി സംവിധാനം നിലവിൽവന്നു.
എയർപോർട്ട് ഡയറക്ടർ ശേഷാദ്രിവാസം സുരേഷിന്റെ സാന്നിധ്യത്തിൽ മലപ്പുറം പോലീസ് മേധാവി സുജിത് ദാസ് ആധുനിക ക്യാമറ സംവിധാനം ഉദ്ഘാടനം ചെയ്തു.
ഏകദേശം 4.13ലക്ഷം ചിലവിലാണ് എട്ട് ക്യാമറകളും അനുബന്ധ സംവിധാനങ്ങളുമടങ്ങിയ പുതിയ സർവെയ്ലൻസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കോവിഡ്കാല മാന്ദ്യത്തിനുശേഷം വ്യോമഗതാഗതം പൂർവ്വസ്ഥിതിയിലേയ്ക്ക് മടങ്ങുന്ന കാലഘട്ടത്തിൽ വർദ്ധിക്കുന്ന സുരക്ഷാപ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടാൻ പോലീസിന് സഹായകമാകുന്ന തരത്തിലുള്ള ക്യാമറ വിന്യാസമാണ് നടത്തിയിരിക്കുന്നത്.
എയർപോർട്ട് അതോറിറ്റി സി.എൻ.എസ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ക്യാമറകൾ സ്ഥാപിച്ചത്. കരിപ്പൂർ സി.ഐ പി. ഷിബു, സി. ഐ. എസ്. എഫ് ഡെപ്യൂട്ടി കമാണ്ടന്റ് എ. വി. കിഷോർ കുമാർ, സി.എൻ.എസ് വിഭാഗം ജോയിന്റ് ജനറൽ മാനേജർ ടി.വി ജയപ്രകാശ്, ഡെപ്യൂട്ടി ജനറൽ മാനേജർ നന്ദകുമാർ.എൻ, അസിസ്റ്റന്റ് ജനറൽ മാനേജർമാരായ അബ്ദുൾ കരീം, ടിജോ ജോസഫ്, സുനിത വർഗ്ഗീസ്, ജൂനിയർ എക്സിക്യൂട്ടീവ് വി.കെ അരവിന്ദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.