കൊണ്ടോട്ടി: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നൂറുകണക്കിനു ശോഭായാത്രകളാണ് വിവിധ കേന്ദ്രങ്ങളിലായി നടന്നത്. കൊണ്ടോട്ടിയിൽ നഗരം ചുറ്റി ക്ഷേത്ര പരിസരത്തു സമാപിച്ചു. വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ശോഭാ യാത്രകൾ നടന്നു. സ്ത്രീകളും കുട്ടികളും മുതിർന്നവരും അണിനിരന്ന യാത്ര കടന്നുപോയ നഗരത്തിൽ ഇരുഭാഗങ്ങളിലും കാഴ്ചക്കാരെക്കൊണ്ടു നിറഞ്ഞു.
വാദ്യമേളങ്ങൾക്കൊപ്പം നിശ്ചല ദൃശ്യങ്ങളും വിവിധ കലാരൂപങ്ങളും ശോഭായാത്രകളെ വർണാഭമാക്കി.
പുളിക്കൽ വലിയപറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്ര പരിപാലനസമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.
ക്ഷേത്രത്തിൽ രാവിലെ വിശേഷാൽ പൂജകളും പുരാണ കഥാകഥനവും നടന്നു. വൈകിട്ട് വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അമ്പാടി കണ്ണന്മാരുടെയും ഗോപികമാരുടെയും അകമ്പടിയോടെ ശോഭായാത്ര നടന്നു. ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച് ഉണ്ണ്യത്തിപ്പറമ്പ് അങ്ങാടി വരെ പോയി തിരിച്ച് ആലക്കപറമ്പ് അങ്ങാടിയിൽ വന്ന് ക്ഷേത്രത്തിൽ സമാപിച്ചു.