കൊണ്ടോട്ടി: ബഡ്‌സ് സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥികൾ നിർമിച്ച കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കാനും വിൽക്കാനും കൊണ്ടോട്ടി നഗരസഭ എക്‌സ്‌പോ ഒരുക്കുന്നു.
64 വിദ്യാർഥികൾ കൊണ്ടോട്ടി ബഡ്‌സ് സ്കൂളിലുണ്ട്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക ഉപജീവന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ചതുർദിന ക്രാഫ്റ്റ് പരിശീലനം കഴിഞ്ഞ ദിവസം പൂർത്തിയായി.
ഈ പരിശീലനത്തിൽ ഫ്ലവർവെയ്സ്, ഓയിൽ ചിത്രങ്ങൾ, ആർട്ട് ചിത്രങ്ങൾ, ഫാൻസി മാലകൾ ,കമ്മലുകൾ ,പേപ്പർ പേന, നോട്ട് പാഡ് തിടങ്ങിയവ നിർമ്മിക്കാൻ വിദ്യാർഥികൾ പഠിച്ചു.
ഇവ വിൽപന നടത്താനും അതുവഴി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വരുമാനം ഉറപ്പുവരുത്താനുമുള്ള ശ്രമത്തിലാണ് നഗരസഭ.
ജനങ്ങൾക്ക് ഉപകരിക്കുന്ന കൂടുതൽ ഉൽപന്നങ്ങൾ നിർമ്മിക്കാനും സമൂഹത്തിൽ ഉയർന്ന രീതിയിൽ വരുമാനം നേടാൻ പ്രാപ്തമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
കരകൗശല വസ്തുക്കൾ വിൽക്കുവാനും പ്രദർശിപ്പിക്കുവാനും ഓഗസ്റ്റ് അവസാനം രണ്ട് ദിവസം നീണ്ടു നിൽക്കുന്ന എക്സ്പോ പ്രദർശന മേള സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്.
ഇത്തരത്തിൽ വിദ്യാർത്ഥികൾ നിർമിക്കുന്ന ‘ഉൽപന്നങ്ങൾ വിൽക്കാനുള്ള സ്ഥിരം സംവിധാനം ഒരുക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.