കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ കരാർ ജീവനക്കാരൻ വിമാനത്താവളത്തിനു പുറത്തു കടത്താൻ ശ്രമിച്ച 1.19 കോടി രൂപയുടെ സ്വർണം പിടികൂടി. വിമാനക്കമ്പനിക്കു വേണ്ടി കസ്റ്റമർ ഏജൻറ് ആയി ജോലി ചെയ്യുന്ന മുഹമ്മദ് ഷമീം ആണു പിടിയിലായത്.
മൂന്ന് പൊതികളിലായി 2647 ഗ്രാം മിശിതമാണു കണ്ടെടുത്തത്. അതിൽനിന്ന് 2309 ഗ്രാം 24 കാരറ്റ് സ്വർണം ലഭിച്ചതായി കസ്റ്റംസ് അറിയിച്ചു.
മറ്റൊരു യാത്രക്കാരൻ കൊണ്ടുവന്ന സ്വർണ മിശ്രിതം പുറത്തു കടത്താനുള്ള ശ്രമമായിരുന്നു മുഹമ്മദ് ഷമീമിന്റേത്. സംശയം തോന്നി സിഐഎസ്എഫ് പരിശോധിക്കുകയായിരുന്നു. മിശ്രിതപ്പൊതികൾ കണ്ടതിനെത്തുടർന്നു കസ്റ്റംസിനെ വിവരമറിയിച്ചു. അറസ്റ്റ് ചെയ്ത മുഹമ്മദ് ഷമീമിനെ കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു.