കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിനെ ഹരിതാഭമാക്കാന്‍ വിദ്യാർത്ഥികൾ കൈകോർത്തു.
ആദ്യഘട്ടം അഞ്ചേക്കറില്‍ വിവിധയിനം കൃഷിയിറക്കി
തേഞ്ഞിപ്പലം: ഇരുനൂറ്റമ്പതോളം പേരാണ് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിനെ ഹരിതാഭമാക്കാന്‍ മണ്ണിലിറങ്ങിയത്. കുഴിയെടുക്കാനും തൈ നടാനും വളമിടാനും ഏവരും ഉത്സാഹിച്ചതോടെ ‘ കാമ്പസ് ഹരിതവത്കരണം 2022 ‘ പദ്ധതിക്ക് മികവാര്‍ന്ന തുടക്കമായി. എന്‍.എസ്.എസിന്റെ നേതൃത്വത്തിലാണ് ടാഗോര്‍ നികേതന്‍, പാര്‍ക്ക്, മ്യൂസിയം സമുച്ചയും, ഹെല്‍ത്ത് സയന്‍സ് ബ്ലോക്ക് പരിസരം എന്നിവിടങ്ങളിലായി അഞ്ചേക്കറോളം സ്ഥലത്ത് കൃഷിയിറക്കിയത്.
ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, വാഴ, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവ നട്ടു.
12 കോളജുകളിലെ വിദ്യാർഥികൾ
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 12 കോളേജുകളില്‍ നിന്നുള്ള എന്‍.എസ്.എസ്. യൂണിറ്റുകളില്‍ നിന്നായി ഇരുനൂറ്റമ്പതോളം വൊളന്റിയര്‍മാര്‍ രംഗത്തിറങ്ങി. സര്‍വകലാശാലാ എസ്റ്റേറ്റ് വിഭാഗത്തിലെ ജീവനക്കാരും എന്‍.എസ്.എസ്. ഓപ്പണ്‍ യൂണിറ്റും ഇവരോടൊപ്പം ചേർന്നു.
രണ്ടേക്കറിൽ ഇഞ്ചിയും മഞ്ഞളും
ടാഗോര്‍ നികേതന്‍ വളപ്പില്‍ മാത്രം തരിശിട്ടിരുന്ന രണ്ടേക്കറോളം സ്ഥലത്ത് ഇഞ്ചിയും മഞ്ഞളും വിത്തിറക്കി. ഇതിനിടയില്‍ മാവ്, പ്ലാവ്, പേര, ചാമ്പ, മാതളം തുടങ്ങിയ പഴവൃക്ഷങ്ങളും നട്ടു. വനിതാ ഹോസ്റ്റല്‍ വളപ്പില്‍ കപ്പകൃഷിയാണ് നടത്തുന്നത്.
വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.