കൊണ്ടോട്ടി : വികസന സ്വപ്നം സാക്ഷാത്കരിക്കാൻ മൊറയൂരിൽ നാട്ടുകാർ കൈകോർത്തു. മുസ്ലിം ലീഗ് കമ്മിറ്റി മുഖേന 24 വ്യക്തികൾ സർക്കാറിനു വിട്ടുനല്കിയത് ഒന്നര ഏക്കർ ഭൂമി. സർക്കാർ ഓഫിസുകൾ ക്കുപോലും സ്ഥലമില്ലാതെ നട്ടംതിരിയുന്ന മൊറയൂർ പഞ്ചായത്തിന്റെ വികസനം മുന്നിൽക്കണ്ടു നാട്ടുകാർ ഒന്നിച്ച കാഴ്ചയാണ് മൊറയൂർ വാലഞ്ചേരി യിൽ കണ്ടത്.
മൊറയൂർ പഞ്ചായത്തിൽ വികസന കാര്യങ്ങൾക്ക് സ്ഥലം ലഭ്യമാകാത്ത പ്രശ്നം ഏറെക്കാലമായുണ്ട്. ഇതു പരിഹരിക്കാൻ വാലഞ്ചേരി മുസ്ലിം ലീഗ് കമ്മിറ്റി പ്രവർത്തകർ രംഗത്തിറങ്ങുകയായിരുന്നു.
നാട്ടുകാരുമായി ചർച്ച ചെയ്തപ്പോൾ 24 വ്യക്തികൾ സൗജന്യമായി സ്ഥലം വിട്ടുനൽകാൻ മനസ്സു കാണിച്ചു. അവർ നൽകിയ ഒന്നര ഏക്കർ ഭൂമി ഏറ്റെടുത്തു മൊറയൂർ പഞ്ചായത്തിനു കൈമാറി.
8 മീറ്റർ റോഡും ഇവിടെ ഒരുക്കും. വാലഞ്ചേരി -അരിമ്പ്ര റോഡിലാണ് സ്ഥലം. സർക്കാർ ഓഫീസുകൾക്കും മറ്റും ആവശ്യമാണെങ്കിൽ കൂടുതൽ സ്ഥലം വിട്ടുനൽകാൻ തയാറാണെന്ന നിലപാടിലാണു നാട്ടുകാർ.
ഭൂമികളുടെ ആധാരം എം.പി.അബ്ദുസ്സമദ് സമദാനി എംപി ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു. റസാഖ് പാറക്കൽ ആധ്യക്ഷ്യം വഹിച്ചു. മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് അബ്ദുറഹിമാൻ കാരാട്ട്, മൊറയൂർ പഞ്ചായത്ത് പ്രസിഡന്റ് സുനീറ പൊറ്റമ്മൽ, വൈസ് പ്രസിഡന്റ് ജലീൽ മുണ്ടോടൻ, മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ.മുഹമ്മദ്, സെക്രട്ടറി വി.പി.അബൂബക്കർ
ബ്ലോക്ക് അംഗം ഫായിസ റാഫി, കെ.സി.സലീം, വീരാൻ കുട്ടി ഹാജി പുന്തല, ബാബു, എം.റഷീദ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.സലിംമാസ്റ്റർ, ഫാത്തിമ അൻവർ, റഹ്മത്ത്, അബൂബക്കർ ഹാജി, അബ്ദു, ബി.റഷീദ്, പി.ഷുക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു.