കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ സ്വർണവുമായി പിടിയിൽ
. ഇന്നു രാവിലെ ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കാബിൻ ക്രൂ ആയ ഡൽഹി സ്വദേശി നവനീത് സിങ് ആണു പിടിയിലായത്. കാബിൻ ക്രൂ ധരിച്ചെത്തിയ ഷൂസുകൾക്കുള്ളിൽ നിന്നാണു സ്വർണം ലഭിച്ചത്.
ഷൂസുകൾക്കുള്ളിൽ നിന്ന് 1399 ഗ്രാം മിശ്രിതം ലഭിച്ചു. ഇതിൽ നിന്ന് 63.56 ലക്ഷം രൂപയുടെ 1226 ഗ്രാം സ്വർണം ലഭിച്ചതായി കസ്റ്റംസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.
പോലീസിന്റെ സ്വർണ വേട്ടയും
യാത്രക്കാരൻ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടി രൂപയുടെ സ്വർണം ഇന്നു പുലർച്ചെ കരിപ്പൂർ പോലീസും പിടികൂടിയിരുന്നു. ബഹ്റൈനിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുസലാം ആണു പിടിയിലായത്.
ഇയാൾ അരയിൽ കെട്ടിവച്ചും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുമാണു സ്വർണം കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങി ടാക്സിയിൽ കയറി പോകാൻ ശ്രമിക്കുമ്പോൾ ആണ് ഇയാൾ പിടിയിലായതെന്നു പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നു കരിപ്പൂർ പൊലീസ് സംഘം യാത്രക്കാരെ നിരീക്ഷിച്ചാണ് അബ്ദുസ്സലാമിനെ പിടികൂടി ചോദ്യം ചെയ്തത്. അടുത്തിടെ 30 കേസുകളിൽ നിന്നായി 14 കോടി രൂപയുടെ 28 കിലോഗ്രാം സ്വർണം പൊലീസ് പിടികൂടിയിട്ടുണ്ട്.