NewsPravasam

പൂക്കോട്ടൂര്‍ ഹജ് ക്യാമ്പ് 15 ന് ഞായറാഴ്ച പി.കെ.എം.ഐ.സി യിൽ

പൂക്കോട്ടൂർ: സമഗ്രമായ ഹജ് ക്ലാസ് നടക്കുന്ന പൂക്കോട്ടൂര്‍ ഹജ് ക്യാമ്പ് 15 ന് ഞായറാഴ്ച
പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമ്മോറിയല്‍ ഇസ്ലാമിക് സെന്റര്‍ ക്യാമ്പസില്‍ നടക്കു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയും ഈ വര്‍ഷം യാത്ര തിരിക്കുന്ന ഹാജിമാര്‍ക്ക് സൗകര്യപ്രദമായി ക്ലാസ്സ് ശ്രവിക്കാനുള്ള വാട്ടര്‍ പ്രൂഫ് പന്തല്‍, ക്ലോസ്ഡ് സര്‍ക്യൂട്ട് ടി വി, താല്‍ക്കാലിക ഹൗളുകള്‍, മെഡിക്കല്‍ ചെക്കപ്പ് സെന്റര്‍, ഇന്‍ഫൊര്‍മേഷന്‍ കൗണ്ടര്‍ എന്നിവ നഗരിയില്‍ ഒരുങ്ങിക്കഴിഞ്ഞു.
രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെയാണ് ക്ലാസ്.

വീഡിയോ കാണാം https://youtu.be/RBhFg14Pgn4

ആറായിരത്തോളം പേർ രജിസ്റ്റർ ചെയ്തു

ക്യാമ്പില്‍ സംബന്ധിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും, മംഗലാപുരം, നീലഗിരി എന്നിവിടങ്ങളില്‍ നിന്നുമായി ആറായിരത്തില്‍പരം ഹാജിമാര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോഗ്യ, യാത്രാ നിര്‍ദേശങ്ങളും പുണ്യഭൂമിയില്‍ പാലിക്കേണ്ട കാര്യങ്ങളും രാജ്യന്തര യാത്രാ നിയമങ്ങളും ക്യാമ്പില്‍ വിശദീകരിക്കും.
തീർത്ഥാടകർ വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നത് വരെയുള്ള കര്‍മ്മങ്ങള്‍ വിശദമയി വിവരിക്കുന്ന ക്യാമ്പിന് മുന്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി അംഗം അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. സംശയങ്ങള്‍ തീര്‍ക്കാന്‍ പരിചയസമ്പന്നരായ വൊളണ്ടിയര്‍മാർ ഉണ്ടായിരിക്കും.

സേവനത്തിനായി വൊളന്റിയർമാരുടെ നിര

ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതിനായി പി കെ എം ഐ സി കമ്മറ്റി അംഗങ്ങള്‍, സ്റ്റാഫ്, നാട്ടിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, വനിതാ വൊളണ്ടിയര്‍മാര്‍ എന്നിവര്‍ മുഴുവന്‍ സമയവും ക്യാമ്പില്‍ ഉണ്ടായിരിക്കും. ഹാജിമാര്‍ക്ക് ആവശ്യമായ ക്ലോക്ക് റൂം, ടോയ്‌ലറ്റുകള്‍, നമസ്‌കാര സൗകര്യം, സംശയ നിവാരണ കേന്ദ്രം എന്നിവ സജീകരിച്ചിട്ടുണ്ട്. നാട്ടുകാരുടെ സേവന തല്‍പരതയും സംഘാടകരുടെ ആസൂത്രണ പാടവവും ക്യാമ്പിനെ കുറ്റമറ്റതാക്കുന്നു. മലപ്പുറം എം ബി ഹോസ്പിറ്റല്‍, പാണ്ടിക്കാട് ബാസില്‍ ഹോമിയോ ഹോസ്പിറ്റല്‍ എന്നിവയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സെന്റര്‍, ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടെയും സേവനം, എന്നിവ ക്യാമ്പില്‍ മുഴുവന്‍ സമയവും ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.

സൗജന്യ ഭക്ഷണം, വാഹനം, താമസം

രണ്ട് നേരത്തെ ഭക്ഷണവും, ഇടയ്ക്ക് ലഘു ഭക്ഷണവും ചായയും സൗജന്യമായി നല്‍കും.
14 ന് രാത്രി എത്തിച്ചേരുന്നവര്‍ക്കും 15 ന് രാത്രി ക്യാമ്പ് കഴിഞ്ഞ് തിരിച്ച് പോകാന്‍ കഴിയാത്തവര്‍ക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
എന്‍ എച്ച് 966 ല്‍ കോഴിക്കോട് മലപ്പൂറം റൂട്ടില്‍ പൂക്കോട്ടൂര്‍, അറവങ്കര സ്‌റ്റോപ്പുകളില്‍ വന്നിറങ്ങുന്ന ഹാജിമാര്‍ക്കായി ക്യാമ്പിലേക്കും തിരിച്ചും വാഹന സൗകര്യം ഉണ്ടായിരിക്കും.

സൗദിയില്‍ അത്യാവശ്യ സഹായത്തിനായി ബന്ധപ്പെടേണ്ട വിഖായ, കെ എം സി സി വളന്റിയര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ ഹാജിമാര്‍ക്ക് നല്‍കുന്നതാണെന്നു സംഘാടകർ പറഞ്ഞു.
ക്യാമ്പില്‍ വരുന്നവര്‍ മാസ്‌ക് ധരിക്കണം. സ്ത്രീകള്‍ നിസ്‌ക്കാരകുപ്പായം കരുതണം. 22ാമത് ഹജ്ജ് ക്യാമ്പ് 15 ന് രാവിലെ ഒമ്പത് മണിക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. കെ ആലിക്കുട്ടി മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നിര്‍വ്വഹിക്കും. മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, പി ഉബൈദുള്ള എം എല്‍ എ, സമസ്ത സൗദി നാഷണല്‍ കമ്മറ്റി ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍, സെക്രട്ടറി അബ്ദുറഹ്മാന്‍ അറക്കല്‍ എന്നിവര്‍ ഉല്‍ഘാടന പരിപാടിയില്‍ സംബന്ധിക്കും.
രാത്രി എട്ട് മണിക്ക് ദുആ സംഗമത്തിന് കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. 16ന് വലിയ്യുദ്ധീന്‍ ഫൈസിയുടെ നേതൃത്വത്തില്‍ ആത്മീയ സദസ്സ് രാത്രി എട്ട് മണിക്ക് ആരംഭിക്കുമെന്നും സംഘാടകർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button