sports

സന്തോഷ്ട്രോഫി; കേരളത്തിന് ഏഴാം കിരീടം

സന്തോഷ് ട്രോഫി കിരീടവുമായി കേരള ടീം

കേരളത്തിനു ജീവൻ നൽകിയത് സഫ്നാദിന്റെ ഗോൾ

മഞ്ചേരി: അമിത ഭാരത്താൽ ചുരമിറങ്ങുന്ന വാഹനത്തിന്റെ കൃത്യതയുണ്ടായിരുന്നു വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് സഫ്‌നാദിന്റെ ഗോളിന്. അത്രമേൽ കാണികളുടെ സമ്മർദ ഭാരം വഹിച്ചുള്ള ആ പന്ത് ബംഗാളിന്റെ വല കുലുക്കിയപ്പോൾ ജീവൻ വച്ചത് കേരളത്തിനായിരുന്നു. പയ്യനാട് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ കാണികൾ നിശബ്ദത ഭേദിച്ച് ആർത്തു വിളിച്ചു നൃത്തംവച്ചു.

നഷ്ടപ്പെട്ടുപോയെന്നു കരുതിയ സന്തോഷ് ട്രോഫി തിരിച്ചെത്തുന്ന എല്ലാ ഭാവവും ഭംഗിയും ആ ഗോളിനുണ്ടായിരുന്നു.

കോഴിക്കോട് തിരുവമ്പാടിക്കാരൻ പി.എൻ.നൗഫൽ അളന്നു മുറിച്ചു നൽകിയ പന്തിനു മുഹമ്മദ് സാദിന്റെ ഹെഡർ.

ആദ്യം നിരാശ

ആദ്യ 90 മിനിറ്റിലും ഗോൾ രഹിത സമനില. കളി അധിക സമയത്തേക്കു നീണ്ടു. ഇരുടീമുകളും വാശിയിലായിരുന്നു. ആവേശത്തോടെ ആർ ത്തുവിളിച്ച ഗാലറിയെ നിശബ്ദമാക്കി അധിക സമയത്തിന്റെ ഏഴാം മിനിറ്റിൽ കേരളത്തിന്റെ വല കുലുങ്ങി. ബംഗാൾ താരം ദിലീപ് ഒറോണിന്റെ വകയായിരുന്നു കേരള കാണികളുടെ മനസ്സുടച്ച ആ ഗോൾ.

പ്രതിരോധത്തിലുണ്ടായ ചെറിയ പിഴവു മുതലെടുത്തായിരുന്നു നീക്കം ഇടതു വിങ്ങിൽനിന്നു സുപ്രിയ പണ്ഡിറ്റ് നൽകിയ ക്രോസിന് ഒറോൺ തലവച്ചു. കേരളത്തിന്റെ ഗോളി നോക്കി നിൽക്കേ പന്തു വലയിലായി. മൈതാനമാകെ നിശബ്ദം. ട്രോഫി നഷ്ടപ്പെട്ടു എന്നുറപ്പിച്ച ഗാലറിയിൽ നിന്ന് കുപ്പിയേറുകൾ വരെയുണ്ടായി.

കേരളം തിരിച്ചുപിടിച്ചു

നിരാശയോടെ മടങ്ങേണ്ടി വരുമെന്നു കാണികൾ കരുതിയിടത്തുനിന്ന് കളി അവസാനിക്കുന്നതിനു മിനിറ്റുകൾക്കു മുൻപ് അതു സംഭവിച്ചു. ഇരുപത്തിരണ്ടാം മിനിറ്റിൽ വലതുവിങ്ങിൽനിന്ന് നൗഫൽ പന്തുമായെത്തി കൃത്യമായൊരു കോസ്. ഓടിയടുത്ത മുഹമ്മദ് സഫ് നാദിന്റെ ഹെഡർ. ബംഗാളിന്റെ വിജയപ്രതീക്ഷയ്ക്കു പ്രഹരമേൽപ്പിച്ച് പന്തു വലയിൽ. ഗാലറിയിൽ വീണ്ടും ആവേശാരവം. കളി പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടതോടെ വീണ്ടും പ്രതീക്ഷ. കേരളത്തിനു
വേണ്ടി സഞ്ജു, ബിബിൻ അജയൻ, ക്യാപ്റ്റൻ ജിജോ ജോസഫ്, ജെസിൻ, എം.ഫസലുറഹ്മാൻ എന്നിവർ ഗോളുകൾ നേടി. ബംഗാളിനു തിരിച്ച് നാലു പന്തുകളേ ഗോളാക്കാനായുള്ളൂ. കേരളത്തിന് ഇത് ഏഴാം കിരീടം.

ജെസിൻ ടോപ് സ്കോറർ

പ്രാഥമിക റൗണ്ട് ഉൾപ്പെടെ 9 ഗോളുകൾ നേടിയ കേരളത്തിന്റെ ടി.കെ.ജെസിൻ ആണ് സന്തോഷ് ട്രോഫിയിലെ ടോപ് സ്കോറർ. സെമിയിൽ മാത്രം 5 ഗോളുകൾ നിലമ്പൂർ മിനർ വപ്പടി സ്വദേശി ജെസിന്റെ വകയായിരുന്നു.

സ്പോർട്സ് ഡെസ്ക് എയർ വൺ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button