കരിപ്പൂർ: വിമാനങ്ങളുടെ സമയമാറ്റം അറിയാതെ ഖത്തറിലേക്കും ഷാർജയിലേക്കും പോകാനുള്ള യാത്രക്കാരിൽ പലരും കോഴിക്കോട് വിമാനത്താവളത്തിൽ പ്രയാസത്തിലായി. അറിയിച്ചതിലും മണിക്കൂറുകൾ മുൻപാണ് വിമാനം പുറപ്പെട്ടതെന്നും സമയ മാറ്റം അറിയിച്ചില്ലെന്നും യാത്രക്കാർ പറഞ്ഞു.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്കും ഷാർജയിലേക്കും പോകാനുള്ള, സമയമാറ്റം അറിയാത്ത യാത്രക്കാരാണ് ഇന്നലെ രാവിലെ ഏറെ വിഷമത്തിലായത്.
അതേസമയം, മാറ്റങ്ങൾ യാത്രക്കാരെ അറിയിക്കാറുണ്ടെന്നും ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും ഉദ്യോഗസ്ഥർ യാത്രക്കാരോട് പറഞ്ഞു. യാത്രക്കാർ വിമാനക്കമ്പനിയുടെ കൗണ്ടറിന് മുൻപിൽ ബഹളം വച്ചു.
അത്യാവശ്യമായി പുറപ്പെടേണ്ട പലരും കൂട്ടത്തിലുണ്ടായിരുന്നു.
പകരം സംവിധാനം ഉടൻ ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.