മലപ്പുറം | 21.11.24
തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ എല്ലാ സ്ഥാപനങ്ങളിലും ഇൻ്റേണൽ കമ്മിറ്റികള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി നിര്‍ദേശിച്ചു. മലപ്പുറം കലക്ടറേറ്റിൽ നടന്ന വനിത കമീഷന്‍ അദാലത്തില്‍ പരാതികള്‍ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സര്‍ക്കാര്‍ സ്‌കൂളുകളിലും പൊലീസുമായി ബന്ധപ്പെട്ട ഇടങ്ങളിലുമൊന്നും ഇൻ്റേണൽ കമ്മിറ്റികള്‍ കാര്യക്ഷമമല്ലെന്നും ഇതിനായി പരിശീലന പരിപാടികള്‍ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്ത്രീകളുടെ സുരക്ഷക്ക് കോടതി ഉത്തരവുകള്‍ ലഭ്യമായതിന് ശേഷവും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാവാത്ത സാഹചര്യമുണ്ട്. അക്കാര്യത്തില്‍ പൊലീസിന്റെ ശക്തമായ ഇടപെടല്‍ വേണം.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കാരണം നിരവധി സ്ത്രീകള്‍ ദുരിതം അനുഭവിക്കുന്നു. വിദ്യാസമ്പന്നരായ കുടുംബങ്ങളില്‍ പോലും ഇതുണ്ടാകുന്നുവെന്നും ചെയര്‍പേഴ്‌സന്‍ ചൂണ്ടിക്കാട്ടി.
അദാലത്തില്‍ 56 പരാതികളാണ് പരിഗണനക്ക് വന്നത്. 12 പരാതികള്‍ തീര്‍പ്പാക്കി. എട്ടെണ്ണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. 36 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാന്‍ മാറ്റി. ചെയര്‍പേഴ്‌സന് പുറമെ വനിത കമീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, മഹിളാമണി എന്നിവര്‍ പരാതികള്‍ കേട്ടു. അഡ്വ. സുകൃതകുമാരി, വനിത കമീഷന്‍ ലോ ഓഫീസര്‍ എന്നിവര്‍ സംബന്ധിച്ചു.