മലപ്പുറം | കൊണ്ടോട്ടി വൈദ്യരങ്ങാടിയില്‍ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കിയതായി കൊണ്ടോട്ടി പോലീസ് അറിയിച്ചു.
നെടിയിരുപ്പ് പനക്കപ്പറമ്പ് പരേതനായ അബ്ദുറഹ്‌മാന്റെ മകന്‍ ഉമറുല്‍ ഫാറൂഖ് (31) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
3 സുഹൃത്തുക്കളാണ് വീട്ടിൽ കൂടെയുണ്ടായിരുന്നത്. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
മരണ കാരണം വ്യക്തമാകാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് പരിശോധന റിപ്പോര്‍ട്ടുകളും ലഭിക്കേണ്ടതുണ്ടെന്ന് കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം. ഷമീര്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കി.