EducationLocal News

ക്യാംപസ് സമൂഹത്തോട് നന്ദി പറഞ്ഞ് വിസി എം.കെ.ജയരാജ്

കാലിക്കറ്റ് സർവകലാശാലാ വിസിയും പിവിസിയും പടിയിറങ്ങുന്നു

തേഞ്ഞിപ്പലം | കാലിക്കറ്റ് സര്‍വകലാശാലയിൽ കഴിഞ്ഞ നാലുവർഷത്തിനിടെ ഉണ്ടായ വികസന നേട്ടങ്ങൾക്ക് കൂടെ നിന്നവർക്കെല്ലാം നന്ദി പറഞ്ഞ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്. ഔദ്യോഗിക കാലാവധി പൂർത്തിയാക്കുന്ന കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ എന്നിവർക്ക് നൽകിയ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിടുക്കരായ അധ്യാപകരെ നിയമിക്കാന്‍ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ നേട്ടമായി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

താളം തെറ്റിയ പരീക്ഷകള്‍ നേരെയാക്കാനും അതിവേഗം ഫലപ്രഖ്യാപനം നടത്താനും കഴിഞ്ഞത് സര്‍വകലാശാലയുടെ മൊത്തം നേട്ടമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കാര്യങ്ങളെ വിലയിരുത്താന്‍ അത് സഹായിക്കുമെന്നും ഡോ. ജയരാജ് പറഞ്ഞു.
ചടങ്ങിൽ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. കോഴിക്കോടിനെ സാഹിത്യനഗരമാക്കിയ യുനെസ്‌കോ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ സഹകരണം ആവശ്യമാണെന്ന് മേയര്‍ പറഞ്ഞു.


സര്‍വകലാശാലക്ക് ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്നും അതിനായി അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ പറഞ്ഞു.
രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നനൻ സ്വാഗതം പറഞ്ഞു.

കാലടി സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസിലർ ഡോ. കെ.കെ. ഗീതാ കുമാരി, സിൻഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ, അഡ്വ. എൽ.ജി. ലിജീഷ്, ടി.ജെ. മാർട്ടിൻ, ഡോ. പി. റഷീദ് അഹമ്മദ്, എ.കെ. അനുരാജ്, അഡ്വ. പി.കെ. ഖലീമുദ്ധീൻ, സ്റ്റാൻഡിങ് കോൺസൽ അഡ്വ. പി.സി. ശശിധരൻ, മുൻ സിൻഡിക്കേറ്റംഗം ഡോ. കെ.പി. വിനോദ് കുമാർ, പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ്, ഡീൻ ഡോ. എ.ബി. മൊയിതീൻകുട്ടി, ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. ജോസ് ടി. പുത്തൂർ, ഇ.എം.എം.ആർ.സി. ഡയറക്ടർ ഡി. ദാമോദർ പ്രസാദ്, സർവകലാശാലാ എഞ്ചിനീയർ ജയൻ പാടശ്ശേരി, ഡി.എസ്.യു. ചെയർമാൻ ജോബിഷ്, ഗവേഷക വിദ്യാർഥികളുടെ പ്രതിനിധി മുനവർ, അധ്യപക – അനധ്യപക സംഘടനാ പ്രതിനിധികളായ ഡോ. വി.എൽ. ലജിഷ്, വി.എസ്. നിഖിൽ, പുരുഷോത്തമൻ, സ്റ്റാഫ് വെൽഫയർ ഫണ്ട് ഡയറക്ടർ ഡോ. പ്രമോദ് കൊവ്വപ്രത്ത് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button