മലപ്പുറം | നൂറിലേറെ മോഷണ കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ഷാജഹാൻ (മണവാളൻ ഷാജഹാൻ -59) പിടിയിൽ. താനൂർ ഒഴൂർ സ്വദേശിയാണ്. കൊടിഞ്ഞി കുണ്ടൂർ, ചെറുമുക്ക് ഭാഗങ്ങളിൽ മുഖം മറച്ചും ഷർട്ട് ധരിക്കാതെയും കയ്യിൽ ആയുധവുമായി രാത്രികാലങ്ങളിൽ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
ഇടയ്ക്കിടെ പല സ്ഥലങ്ങളിൽ മോഷണവും നടന്നു.
ഇക്കഴിഞ്ഞ ജൂൺ 29നു പുലർച്ചെ കൊടിഞ്ഞി കുറൂലിൽ ഒ.പി. സൈതാലി എന്നയാളുടെ വീടിന്റെ പൂട്ട് തകർത്ത് മോഷണം നടന്നു. പുലർച്ചെ വീടിന്റെ പിറകിലെ ഗ്രിൽസിന്റെ പൂട്ട് തകർത്താണ് അകത്തു കടന്നത്. മുറിയിൽ ഉറങ്ങികിടക്കുകയായിരുന്ന യുവതിയുടെ രണ്ടര പവന്റെ പാദസരം കവർന്നു. ഇതിനിടെ യുവതി ഉണർന്നു ബഹളം വച്ചപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും നിരവധി ഫോൺ നമ്പറുകൾ പരിശോധിച്ചുമാണ് ഇയാളെ പിടികൂടിയത്.
കേരളത്തിൽ വിവിധ ജില്ലകളിലും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലുമായി നൂറിലധികം മോഷണ കേസുകൾ നിലവിലുണ്ടെന്നു പോലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.ശശിധരൻ ഐപിഎസിന്റെ നിർദേശ പ്രകാരം താനൂർ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ വിനോദ് ഒ വി, സാം ജോർജ്, കെ.പ്രമോദ്, വി.രാജു, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.സലേഷ്, സിപിഒ മാരായ അനീഷ് കെ ബി പ്രബീഷ്, എം ബിജോയ്, എം എം .അഖിൽ, കെ. രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വർണം ഷാജഹാൻ പട്ടാമ്പിയിൽ ഒരു ജ്വ ല്ലറിയിൽ വിൽപ്പന നടത്തിയതായാണു വിവരം. ജനുവരിയിൽ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം മലപ്പുറം, മഞ്ചേരി, പട്ടാമ്പി എന്നിവിടങ്ങളിൽ മാറി മാറി ഒളിവിൽ താമസിച്ചു മോഷണം നടത്തി വരികയായിരുന്നുവന്നു പോലീസ് പറഞ്ഞു.