കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി കടത്തുന്ന ലഹരി കടത്തു സംഘത്തിലെ ഒരാൾകൂടി പിടിയിൽ. മലപ്പുറം വേങ്ങര കറ്റൂർ സ്വദേശി കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈൻകോയ (38) ആണ് പിടിയിലായത്. ഇതോടെ ഈ കേസുമായി പിടിയിലായ പ്രതികളുടെ എണ്ണം 6 ആയി. 45 ലക്ഷത്തോളം വില പ്രതീക്ഷിക്കുന്ന തായ് ഗോൾഡ് എന്നു വിളിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കരിപ്പൂർ വിമാനത്താവള പരിസരത്തെ ലോഡ്ജിൽ നിന്ന് പിടികൂടിയതുമായി ബന്ധപ്പെട്ടാണ് കേസ്. 4.8 കിലോഗ്രാം കഞ്ചാവ് ആണ് പിടിയിലായത്.
ജില്ലാ പോലിസ് മേധാവി എസ്.ശശിധരനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി എ.എം.സിദ്ദിഖ് , കരിപ്പൂർ ഇൻസ്പെക്ടർ എസ്.രാജീഷ് എന്നിവരുടെ നേതൃത്വത്തിൽ DANSAF സംഘാംഗങ്ങളും കരിപ്പൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.