ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിനു തോൽപിച്ചു
അവസാന പന്ത് വരെ ആവേശം
SPORTS DESK AIR ONE
ആദ്യ ലോകക്കപ്പ് കിരീടമെന്ന ചരിത്ര നേട്ടം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി നീണ്ട 17 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയ്ക്ക് ട്വൻ്റി 20 ലോകകപ്പ് ക്രിക്കറ്റ് കിരീടം. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിനു തോൽപിച്ചു. ഇത് രണ്ടാമത്തെ ട്വന്റി 20 ലോകക്കപ്പ് കിരീടമാണ് ഇന്ത്യ നേടുന്നത്. 17 വർഷം മുൻപ് 2007 ൽ ജൊഹാനസ് ബർഗിൽ മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നേടിയ പ്രഥമ ട്വന്റി 20 ലോകകപ്പ് കിരീടമാണ് ആദ്യത്തേത്.
അന്നു ടീമിലുണ്ടായിരുന്ന രോഹിത് ഷർമയുടെ നേതൃത്വത്തിലാണ് ഇത്തവണ ഇന്ത്യൻ ടീം കളത്തിലിറങ്ങിയത്.
ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ നീട്ടിയടിച്ച പന്ത് സൂര്യകുമാർ യാദവ് ഉജ്വല ക്യാച്ചിലൂടെ കയ്യിലൊതുക്കിയത് നിർണായകമായി
ബ്രിജ്‌ടൗണിലെ ബാർബഡോസിൽ വിരാട് കോലിയുടെ ദിവസം കൂടിയായിരുന്നു. സെമി ഫൈനൽ വരെ കാര്യമായി തിളങ്ങാതിരുന്ന കോലി ഇന്ത്യൻ ടീമിന് കരുത്തായി ക്രീസിൽ ഉറച്ചുനിന്നു. നാലാമനായി എത്തിയ അക്‌സർ സിക്‌സറുകൾ പറത്തി വിരാടിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ, സ്കോർ ഉയർന്നു. രോഹിത് ശർമ, പന്ഥ്, സൂര്യകുമാർ യാദവ് എന്നിവർ വേഗം മടങ്ങിയപ്പോൾ റൺറേറ്റിൽ കാര്യമായ കുറവില്ലാതെ പിടിച്ചു നിർത്തിയത് കോലിയും അക്സറുമായിരുന്നു.
6 ഓവറിൽ 45 റൺസ് നേടിയെങ്കിലും വിലപ്പെട്ട 3 വിക്കറ്റ് നഷ്ടമായിരുന്നു. കോലിയും അക്സറും ചേർന്ന് വിക്കറ്റ് നഷ്‌ടപ്പെടാതെ 12 ഓവറിൽ റൺസ് 93 ൽ എത്തിച്ചു. അക്സറിന്റെ വിക്കറ്റ് നഷ്ടമായപ്പോൾ ദുബെ ആയിരുന്നു കൂട്ടിനെത്തിയത്. ദുബെയോടൊപ്പം 48 ബോളിൽ 50 തികച്ച കോലി അടുത്ത ബോൾ സിക്‌സറിലേക്കു പറത്തി, ഗാലറിയിലെ ആവേശം നിലനിർത്തി. കളി തീരാൻ 7 ബോൾകൂടി ബാക്കിനിൽക്കേ 59 ബോളിൽ 76 റൺസ് നേടിയാണ് കോലി മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ ഹർദിക് ബൗണ്ടറി പായിച്ചാണു തുടങ്ങിയത്.
ഇന്ത്യൻ സ്കോർ പിന്തുടർന്ന ദക്ഷിണാഫ്രിക്ക വിജയിക്കുമെന്ന പ്രതീതി അവസാനം വരെ നിലനിർത്തി.
സ്കോർ ഇന്ത്യ: 20 ഓവറിൽ 7 വിക്കറ്റിന് 176. ദക്ഷിണാഫ്രിക്ക 168/8.
sports desk air one