ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായി കൂടിക്കാഴ്ച
മക്ക | ഈ വർഷത്തെ വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന്റെ പ്രധാന കർമ്മങ്ങൾ ആരംഭിക്കാനിരിക്കെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവുമായ സി.മുഹമ്മദ് ഫൈസി മക്കയിൽ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമുമായി കൂടിക്കാഴ്ച നടത്തി, ഒരുക്കങ്ങൾ വിലയിരുത്തി.
തീർത്ഥാടകർക്ക് പരമാവധി മെച്ചപ്പെട്ട സൗകര്യങ്ങൾ ചെയ്തു നൽകുന്നതിൽ കോൺസുലേറ്റിന് കീഴിൽ ഇന്ത്യൻ ഹജ്ജ് മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ളാഘനീയമാണ്.
ഇന്ത്യൻ തീർത്ഥാടകരുടെ താമസ അനുബന്ധ സൗകര്യങ്ങൾ , അറഫ സംഗമം, മിനയിലെ ടെന്റ്, അറഫാ- മിന മൂവ്മെന്റിനുള്ള ഗതാഗത സംവിധാനങ്ങൾ, രോഗികൾക്കായി പ്രത്യേകം ചെയ്തിട്ടുള്ള ക്രമീകരണങ്ങൾ തുടങ്ങിയ വിവിധ കാര്യങ്ങളിൽ ഇന്ത്യൻ ഹജ് മിഷന്റെ നേതൃത്വത്തിലൊരുക്കിയ സൗകര്യങ്ങളും സംവിധാനങ്ങളും കൂടിക്കാഴ്ചയിൽ കോൺസുൽ ജനറൽ പങ്കുവെച്ചു.
മലയാളി തീർത്ഥാടകരിൽ ഏതാനും പേർക്ക് അസുഖം കാരണം സ്വന്തമായി അറഫയിലേക്ക് പോകാൻ പ്രയാസം അനുഭവിക്കുന്നവരുണ്ട്. ഇവരെ ആംബുലൻസ് വഴി നേരിട്ട് അറഫയിൽ എത്തിക്കുന്നതിന് ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഇതിനായി വോളണ്ടിയർമാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്.
മക്കയിൽ മലയാളി തീർത്ഥാടകർ താമസിക്കുന്ന കേന്ദ്രങ്ങളിൽ എത്തി വോളണ്ടിയർമാരുമായി സംസാരിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്തെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ വഴി 18200 തീർത്ഥാടകരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെട്ടത്. ഇതിൽ 17920 പേർ സംസ്ഥാനത്ത് നിന്നുള്ളവരും 280 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ആണ്. 90 ഖാദിമുൽ ഹുജ്ജാജുമാരാണ് തീർത്ഥാടകരുടെ സേവനത്തിനായി അനുഗമിച്ചത്.