hajjPravasam

ഹജ്ജ് ക്യാമ്പ് വൊളണ്ടിയർ അപേക്ഷ ഫോം: ഹജ്ജ് കമ്മിറ്റിക്ക്‌ ബന്ധമില്ലെന്ന് ചെയർമാൻ

കരിപ്പൂർ | സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വർഷത്തെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിൽ വോളണ്ടിയർ സേവനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന അപേക്ഷാ ഫോറവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക്‌ യാതൊരു ബന്ധവുമില്ല.


സംസ്ഥാന സർക്കാറിന്റെ 16.3.2024 ലെ ഉത്തരവ് പ്രകാരം ഹജ്ജ് ക്യാമ്പിലെ വിവിധ പർച്ചേസ് നടപപടികൾക്കായി ജില്ലാ കലക്ടറുടെ നേൃത്വത്തിൽ രൂപീകരിക്കപ്പെട്ട ലോക്കൽ പർച്ചേസ് കമ്മിറ്റി മുഖേന നടപടിക്രമങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് തീർത്തും സുതാര്യമായി വിവിധ ആവശ്യങ്ങൾക്കുള്ള ടെർഡറുകൾ ക്ഷണിച്ചതോടൊപ്പം ഹജ്ജ് ക്യാമ്പിൽ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിക്കുകയും ലഭ്യമായ മുഴുവൻ ടെൻഡറുകളും ബന്ധപ്പെട്ട കമ്മിറ്റി പരിശോധിച്ച് ഏറ്റവും കുറവ് നിരക്ക് ക്വോട്ട് ചെയ്ത കക്ഷിക്ക് വ്യവസ്ഥകൾ പ്രകാരം കരാർ നൽകുകയും ചെയ്തു.
ക്യാമ്പ് കാലയളവില്‍ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യേണ്ട പൂര്‍ണ്ണ ചുമതല ടെന്‍ഡര്‍ ലഭിക്കുന്ന കക്ഷിക്കാണ്. ഇതിനാവശ്യമായ ജീവനക്കാരെ ലഭ്യമാക്കേണ്ടതും അവരുടെ ഉത്തരവാദിത്തമാണ്. പരാതി രഹിതമായി ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കണമെന്ന് ബന്ധപ്പെട്ടവരെ കൃത്യമായി അറിയിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്ന രീതിയിലുള്ള വാർത്തകളിലോ മറ്റോ ഒരു നിലക്കും ഹജ്ജ് കമ്മിറ്റിക്ക് പങ്കില്ല.
എല്ലാ വിഭാഗത്തിന്റെയും പൂര്‍ണ്ണ സഹകരണത്തോടെ നടക്കുന്ന ഹജ്ജ് ക്യാമ്പില്‍ ഏതെങ്കിലും വിഭാഗത്തിന്റെ താല്പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നതായി വന്ന വാര്‍ത്തകള്‍ തികച്ചും വസ്തുതാ വിരുദ്ധമാണ്. ഹജ്ജ് ക്യാമ്പ് സ്വാഗത സംഘം കമ്മിറ്റിയിലും മറ്റെല്ലാ സമിതികളിലും എല്ലാ വിഭാഗം ആളുകളേയും നിയമാനുസൃതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളേയും പരിഗണിച്ചും സഹകരിപ്പിച്ചുമുളള സമീപനമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്വീകരിച്ചുവരുന്നത്.
തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരില്‍ നിന്നായാലും തെറ്റാണ്. പരിശുദ്ധ ഹജ്ജിന്റെ മഹത്വത്തിനു കളങ്കമുണ്ടാകുന്ന എല്ലാ പ്രവണതകളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ഹജ്ജ് കമ്മിറ്റി നേരത്തെ തന്നെ കൃത്യമായി അറിയിച്ചിട്ടുണ്ട്. വീണ്ടും ഉണർത്തുകയും ചെയ്യുന്നു.

സംസ്ഥാനത്ത് നിന്നുളള ഹജ്ജ് തീർത്ഥാടന യാത്രയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സുഗമമാക്കുന്നതിന് ബഹു. സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാന്റെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ നേരത്തെ തന്നെ പ്രത്യേക യോഗങ്ങൾ ചേരുകയും വിവിധ തലങ്ങളിലുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അവസാനഘട്ട ഒരുക്കങ്ങൾ വിലിയിരുത്തുന്നതിന് ബഹു. മന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് വകുപ്പ് മേധാവികളുടെ പ്രത്യേക യോഗവും ചേരുന്നുണ്ട്. ഹജ്ജ് ക്യാമ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതലയും ഇതിനകം നൽകിയിട്ടുണ്ട്.
ഈ വര്‍ഷം സംസ്ഥാനത്തെ മൂന്ന് ഹജ്ജ് ക്യാമ്പുകളിലേയും വിവിധ തലങ്ങളില്‍ സേവനം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ഹജ്ജ് കമ്മിറ്റിയുടെ പരിചയ സമ്പന്നരായ ട്രെയിനര്‍മാരിൽ നിന്നും ലിസ്റ്റ് ചെയ്തും, മുൻ വര്‍ഷങ്ങളിലെ സമര്‍ത്ഥരായ വോളണ്ടിയർമാരെ പ്രത്യേകം പരിഗണിക്കാനും അതോടൊപ്പം താല്പര്യമുള്ളവര്‍ക്ക് നിബന്ധനകളോടെ അവസരം നല്‍കാനുമാണ് ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം. ആ നിലയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്.
ഹജ്ജ് ക്യാമ്പ് സംഘാടനത്തിനായി മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും അതത് ജില്ലകളിലെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജന പ്രതിനികളെയും ബന്ധപ്പെട്ടവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെ വിപുലമായ ക്യാമ്പ് ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപീകരിക്കുകയും ഇതിന്റെ കീഴില്‍ വിവിധ സബ് കമ്മിറ്റികളിലായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുണ്ട്. കരിപ്പൂരില്‍ 16.05.2024 (വ്യാഴം) വിവിധ സബ് കമ്മിറ്റികളുടെ അവലോകന യോഗവും ചേർന്നിട്ടുണ്ട്.
ഹജ്ജ് തീർത്ഥാടന യാത്ര അടുത്ത ദിവസം ആരംഭിക്കാനിരിക്കെ പ്രവര്‍ത്തനങ്ങളെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള നീക്കങ്ങള്‍ ആരില്‍ നിന്നും ഉണ്ടാവരുതെന്നും ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനങ്ങളില്‍ കക്ഷി, സംഘടനാ ഭേദമന്യേ എല്ലാവരും സഹകരിച്ചു പ്രവർത്തിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
കരിപ്പൂർ ഹജ്ജ് ഹൗസിൽ ചേർന്ന യോഗത്തിൽ ചെയർമാൻ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി അംഗവും ഹജ്ജ് ക്യാമ്പ് ജനറൽ കൺവീനറുമായ അഡ്വ. പി. മൊയ്തീൻ കുട്ടി, ഫുഡ് ആൻഡ് സർവ്വീസസ് സബ് കമ്മിറ്റി ചെയർമാനും ഹജ്ജ് കമ്മിറ്റി അംഗവുമായ കെ.പി സുലൈമാൻ ഹാജി, ഹജ്ജ് ക്യാമ്പ് സ്പെഷ്യൽ ഓഫീസർ യു. അബ്ദുൽ കരീം ഐ.പി.എസ് (റിട്ട), ഹജ്ജ് സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി, വകുപ്പ് മന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥൻ യൂസുഫ് പടനിലം, അസി. സെക്രട്ടറി എൻ. മുഹമ്മദലി എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button