…..
കൊണ്ടോട്ടി | രണ്ടു പതിറ്റാണ്ടിലധികമായി വളരെ നല്ല നിലയില്‍ നടന്നുവരുന്ന കരിപ്പൂർ ഹജ്ജ് ക്യാമ്പ് ഒരു കൂട്ടം ആളുകള്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കൊണ്ടോട്ടി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മറ്റി അഭിപ്രായപ്പെട്ടു.
ഹജ്ജ് ക്യാമ്പിനോടനുബന്ധിച്ച് ഹാജിമാര്‍ക്ക് വളണ്ടിയര്‍മാരായി സേവനം ചെയ്യുന്നതിന് വേണ്ടി ഒരു പ്രതിഫലവും കാംക്ഷിക്കാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ നിസ്തുല സേവനം വർഷങ്ങളായി ചെയ്തു വരുന്നതാണ്. മുന്‍കൂട്ടി പത്രങ്ങളില്‍ പ്രസിദ്ധം ചെയ്ത് അപേക്ഷ സ്വീകരിച്ച് ആളുകളെ ഇന്റര്‍വ്യൂ നടത്തിയാണ് കക്ഷി രാഷ്ട്രീയം നോക്കാതെ ക്യാമ്പിൽ സേവനം ചെയ്യുന്നതിന് വളണ്ടിയര്‍മാരെ തിരഞ്ഞെടുത്തിരുന്നത്.
എന്നാല്‍ ഈ വര്‍ഷം ഇത്തരമൊരു അറിയിപ്പിലൂടെ വൊളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുതിന് പകരം ഒരു സംഘടന അവരുടെ സംഘടനാ മെമ്പര്‍ഷിപ്പ് ഉള്ളവരെ മാത്രം അപേക്ഷിക്കുന്നതിന് സാമുഹ്യ മാധ്യമം വഴി നിര്‍ദ്ദേശിക്കുകയും അത്തരത്തില്‍ അപേക്ഷാഫോറം വിതരണം നടത്തുകയും ചെയ്തു. അവരുടെ അപേക്ഷ ഹജ്ജ് ഹൗസില്‍ വച്ച് സ്വീകരിച്ച് വളണ്ടിയര്‍ ആക്കുതിന് നടത്തിയ ശ്രമം ഏറെ പ്രതിഷേധാര്‍ഹവും ഇതുവരെ കേട്ട് കേള്‍വി ഇല്ലാത്തതുമാണ്.
അപേക്ഷാ ഫോറത്തിൽ അവരുടെ സംഘടനയുടെയും യുവജന ,വിദ്യാർത്ഥി സംഘടനയുടെയും മെമ്പർഷിപ്പ് നമ്പർ അടക്കം രേഖപ്പെടുത്തണമെന്നാണ് അപേക്ഷാ ഫോറത്തിൽ നിർദേശിച്ചിട്ടുള്ളത്.
കേരള സർക്കാരിൻ്റെ ഹജ്ജ് കാര്യ വകുപ്പിൻ്റെ കീഴിൽ നടക്കേണ്ട ഹജ്ജ് ക്യാമ്പിൻ്റെ നിയന്ത്രണം ഇത്തരത്തിൽ ഒരു മത സംഘടനയുടെ അനുയായികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് കേരള ചരിത്രത്തിൽ ഇല്ലാത്തതാണ്. തങ്ങളുടെ വ്യക്തി താല്പര്യങ്ങൾക്കും വിഭാഗീയ പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കാത്തതിൻ്റെ പേരിൽ നിലവിലുണ്ടായിരുന്ന ഹജ്ജ് എക്സിക്യൂട്ടീവ് ഓഫീസറെ സ്ഥലം മാറ്റിയതും ദുഷ്ട ലാക്കോടെയായിരുന്നു. നിലവിലുള്ള ഹജ്ജ് കമ്മറ്റി വന്നതിന് ശേഷം സർക്കാരിൻ്റെ പൊതു താല്പര്യങ്ങൾക്കും ഹജ്ജിൻ്റെ വിശാല കാഴ്ചപ്പാടിനും എതിരായി വെറും സംഘടനാ താല്പര്യം മാത്രം കണക്കിലെടുത്താണ് ഹജ്ജ് കമ്മറ്റി മുന്നോട്ട് പോകുന്നത് എന്നതിൽ വർഷങ്ങളായി സേവനരംഗത്തുള്ള ഭൂരിഭാഗം പേരും പ്രയാസത്തിലും മനോ വിഷമത്തിലുമാണ്.
തീർത്തും സങ്കുചിത സമീപനത്തിൽ നീങ്ങുന്ന ഹജ്ജ് കമ്മറ്റിയുടെ പ്രവർത്തനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മണ്ഡലം മുസ്‌ലിം ലീഗ് കമ്മറ്റി അറിയിച്ചു. ഹജ്ജ് ക്യാമ്പ് സംബന്ധമായ പല പരിപാടികളിലും ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ക്ക് മതിയായ പരിഗണന ലഭിക്കാത്ത സാഹചര്യവും നിലവിലുണ്ട്. ക്യാമ്പിനായി രൂപീകരിക്കപ്പെട്ട സംഘാടക സമിതിയുടെ യോഗം ഒരു തവണപോലും ചേർന്നിട്ടില്ല. സംഘാടക സമിതിയെ നോക്ക്കുത്തിയാക്കുന്ന വിധത്തിലാണ് ഹജ്ജ് കമ്മറ്റിയുടെ പോക്ക്. ഹജ്ജ് പോലെയുള്ള പരിശുദ്ധമായ കര്‍മ്മത്തെ ഇടുങ്ങിയ കക്ഷി താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല . അതുകൊണ്ട് ഇക്കാര്യം ഹജ്ജ് കമ്മിറ്റിയും സര്‍ക്കാറും വിശദമായി പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും പൊതുതാല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ബന്ധപ്പെവരോട് ആവശ്യപ്പെട്ടു.
പ്രസിഡണ്ട് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.കെ. സി. അബ്ദുറഹിമാൻ, എ. ഷൗക്കത്തലി ഹാജി, കെ.പി.മൂസക്കുട്ടി, കെ.എം.സൽമാൻ, ഇ.എം.ഉമ്മർ, എ.എ.സലാം, എ.പി.കുഞ്ഞാൻ, കെ.ഇമ്പിച്ചി മോതി മാസ്റ്റർ, വി.പി.സിദ്ദീഖ് പ്രസംഗിച്ചു.