സിഗരറ്റ് കടത്തും കൂടുന്നു
കാലുകൾക്കു താഴെ ഒട്ടിച്ചുവച്ചു കടത്താൻ ശ്രമിച്ച സ്വർണപ്പൊതി കരിപ്പൂരിൽ കസ്റ്റംസ് പിടികൂടി. ഇത് ഉൾപ്പെടെ കോഴിക്കോട് വിമാനത്താവളത്തിൽ 1.76 കോടി രൂപയുടെ സ്വർണവും 3 ലക്ഷം രൂപയുടെ വിദേശ സിഗരറ്റുമാണ് വിവിധ യാത്രക്കാരിൽ നിന്നായി കസ്‌റ്റംസ് പിടികൂടിയത്.
ദുബായിൽനിന്നെത്തിയ മലപ്പുറം ആനക്കയം സ്വദേശിയാണ് ഇരുകാലുകൾക്കു താഴെയും മിശ്രിത രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു പിടിയിലായത്.
സ്വർണമിശ്രിതപ്പൊതികൾ സോളുകളുടെ രൂപത്തിലാക്കിയാണ് ഇരുകാലുകൾക്കു താഴെയും ഒട്ടിച്ചത്. ശേഷം സോക്സും ഷൂസും ധരിച്ചാണ് യാത്രക്കാരൻ എത്തിയതെന്നു കസ്റ്റംസ് അറിയിച്ചു. ഇതിൽനിന്ന്
95.74 ലക്ഷം രൂപയുടെ 1358 ഗ്രാം സ്വർണം ലഭിച്ചു. യാത്രക്കാരനെ അറസ്‌റ്റ് ചെയ്തതായി കസ്റ്റംസ് അറിയിച്ചു. ജിദ്ദയിൽ നിന്നെത്തിയ മറ്റ് 2 യാത്രക്കാർകൂടി സ്വർണവുമായി പിടിയിലായി.
ശരീരത്തിൽ മിശ്രിത രൂപത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മലപ്പുറം താഴെക്കോട് സ്വദേശി പിടിയിലായി. ഇയാളിൽ നിന്ന് 45.32 ലക്ഷം രൂപയുടെ 646 ഗ്രാം സ്വർണം പിടികൂടി.
പാന്റ്സിനുള്ളിൽ തേച്ചുപിടിപ്പിച്ച 34.94 ലക്ഷം രൂപയുടെ 494 ഗ്രാം സ്വർണവുമായി മലപ്പുറം മങ്കട സ്വദേശിയും പിടിയിലായി.
സിഗരറ്റ് കടത്ത്
അനധികൃതമായി 3 യാത്രക്കാർ കടത്താൻ ശ്രമിച്ച 25,000 വിദേശ സിഗരറ്റ് സ്റ്റിക്കുകളും കസ്റ്റംസ് പിടികൂടി കണ്ണൂർ, മലപ്പുറം സ്വദേശികളിൽനിന്ന് 10,000 വീതം സിഗരറ്റ് സ്‌റ്റിക്കുകൾ കണ്ടെടുത്തു. ഇതിന് 1.2 ലക്ഷം രൂപ വീതം വിലവരും. അബുദാബിയിൽനിന്നെത്തിയ കോഴിക്കോട് കൂടത്തായി സ്വദേശിയിൽനിന്ന് 60,000 രൂപയുടെ 5,000 സിഗരറ്റുകളും പിടികൂടി. എല്ലാ കേസുകളിലും തുടരന്വേഷണം നടക്കുന്നതായി കസ്റ്റംസ് അറിയിച്ചു.
…