Uncategorized

കരിപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് വിമാന സർവീസ് ആരംഭിച്ചു

air one news | karippur

കോഴിക്കോട് വിമാനത്താവള ചരിത്രത്തിൽ ആദ്യമായി ലക്ഷദ്വീപിലേക്കുള്ള വിമാന സർവീസ് ആരംഭിച്ചു. വിമാനത്താവളം യാഥാർഥ്യമായി 36 വർഷം പിന്നിടുന്ന കരിപ്പൂരിന് വലിയ പ്രതീക്ഷകൾ നൽകുന്നതാണ് കോഴിക്കോട് -അഗത്തി വിമാന സർവീസ്. 78 പേർക്കു സഞ്ചരിക്കാവുന്ന എടിആർ വിമാനം ഉപയോഗിച്ച് ഇൻഡിഗോ വിമാനക്കമ്പനിയാണു സർവീസ് നടത്തുന്നത്. കൊച്ചി വഴിയാണ് യാത്ര.


കോഴിക്കോട് വിമാനത്താവളത്തിൽ ആദ്യ യാത്രയ്ക്കു മുൻപായി എയർപോർട്ട് ഡയറക്‌ടർ എസ്.സുരേഷ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്‌തു. സിഐഎസ്എഫ് ഡപ്യൂട്ടി കമാൻഡന്റ് അഖിലേഷ് കുമാർ, ചീഫ് സെക്യൂരിറ്റി ഓഫിസർ ഹബീബ് റഹ്‌മാൻ, ഇൻഡിഗോ എയർപോർട്ട് മാനേജർ ഡെറിൻ റോയ്, അസിസ്റ്റന്റ് മാനേജർ പ്രവീൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 10.20 നു കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 10.55 നു കൊച്ചിയിലെത്തും. 11.25 നു കൊച്ചിയിൽനിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് അഗത്തിയിലെത്തുന്ന രീതിയിലാണു സമയക്രമീകരണം.
മടക്കം അഗത്തിയിൽനിന്ന് ഉച്ചയ്ക്ക് 12.10 ന്. 1.25 ന് കൊച്ചിയിലെത്തി 1.45 നു പുറപ്പെട്ട് 2.30 നു കോഴിക്കോട്ടെത്തും. ബെംഗളൂരുവിൽനിന്നു നേരിട്ട് അഗത്തിയിലേക്ക് ഇൻഡിഗോയുടെ വിമാന സർവീസ് ഉണ്ട്. ഈ വിമാനമാണ് കൊച്ചി വഴി കോഴിക്കോട്ടേക്കു മടങ്ങുക.
കോഴിക്കോട്ടുനിന്നു കൊച്ചിവഴി അഗത്തിയിൽ എത്തുന്ന വിമാനം നേരിട്ടു ബംഗളൂരുവിലേക്കും മടങ്ങും. വിനോദ സഞ്ചാരികൾക്ക് ഏറെ ഗുണകരമാണ് കോഴിക്കോട് – അഗത്തി സർവീസ്.
മാത്രമല്ല, കൊച്ചിവഴി അഗത്തിയിലേക്കു സർവീസ് ആരംഭിച്ചതോടെ, കോഴിക്കോട് -കൊച്ചി യാത്രക്കാർക്കും പ്രയോജനപ്പെടുത്താവുന്നതാണ്. എല്ലാ ദിവസവും സർവീസ് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button