വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് നാളെ
ലീഗ്, കോൺഗ്രസ് അന്തിമ തീരുമാനങ്ങൾ ഇന്ന്
കൊണ്ടോട്ടി | 18.04.24
യുഡിഎഫ് സംവിധാനമുള്ള കൊണ്ടോട്ടി നഗരസഭയിൽ ചെയർപേഴ്സൺ സഥാനം കോൺഗ്രസിനു വിട്ടുനൽകാൻ മലപ്പുറത്തു ചേർന്ന ലീഗ് നേതാക്കളുടെ യോഗത്തിൽ ധാരണയായി. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും സ്‌ഥാനം കൈമാറുക.
ചെയർപഴ്സൺ സ്‌ഥാനം 3 വർഷം ലീഗിനും 2 വർഷം കോൺഗ്രസിനും എന്ന ധാരണ ഉണ്ടെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ അത്തരമൊരു ധാരണ ഇല്ലെന്നാണ് ലീഗ് നിലപാട്. എന്നാൽ, യുഡിഎഫ് സംവിധാനം ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന ആവശ്യമാണ് ലീഗ് നേതൃത്വം മുന്നോട്ടുവച്ചത്. അതിനായി ചെയർപഴ്‌സൻ സ്‌ഥാനം, ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിനു കൈമാറാൻ ആണ് ലീഗ് തീരുമാനം.
നേരത്തേ വൈസ് ചെയർമാൻ സ്‌ഥാനവും ആരോഗ്യ സ്‌ഥിരസമിതി അധ്യക്ഷ സ്‌ഥാനവും കോൺഗ്രസ് രാജിവച്ചിരുന്നു. വൈസ് ചെയർമാൻ സ്ഥാനത്തേക്കു നാളെ (19നു) രാവിലെ 11 മണിക്കാണ് വോറ്റെടുപ്പ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം സ്ഥാനങ്ങൾ കൈമാറാമെന്നും അതുവരെ വൈസ് ചെയർമാൻ സ്‌ഥാനം ഏറ്റെടുക്കണമെന്നും കോൺഗ്രസിനോട് ലീഗ് ആവശ്യപ്പെട്ടതായാണു വിവരം. രാജിവച്ച സ്‌ഥാനം വീണ്ടും ഏറ്റെടുക്കാൻ തയാറാകേണ്ടതുണ്ടോ എന്ന കാര്യം ഇന്ന് കോൺഗ്രസ് ചർച്ച ചെയ്യും.
താൽപര്യമില്ലെങ്കിൽ നാളെ നടക്കുന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽനിന്നു കോൺഗ്രസ് വിട്ടുനിൽക്കും.
അങ്ങനെ കോൺഗ്രസ് വിട്ടുനിന്നാൽ, വൈസ് ചെയർമാൻ സ്‌ഥാനത്തേക്കു ലീഗ് മത്സരിച്ചേക്കും.
40 അംഗ സമിതിയിൽ മുസ്ലിം ലീഗിന് 23 അംഗങ്ങളുണ്ട്. വൈസ് ചെയർമാൻ സ്‌ഥാനത്തേക്ക് ആരു മത്സരിക്കണമെന്ന കാര്യത്തിൽ ലീഗ് ഇന്നു തീരുമാനമെടുക്കും. ചെയർപഴ്‌സൻ സ്‌ഥാനം ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും വിട്ടു നൽകുക.
political desk airone