കരിപ്പൂർ | സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള ഈ വർഷത്തെ ഹജ് സീറ്റുകൾ കേന്ദ്ര ഹജ് കമ്മിറ്റി പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 16,776 പേർക്ക് അവസരമുണ്ട്. കേന്ദ്ര ഹജ് കമ്മിറ്റി ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കി. കേരളത്തിൽ ഇത്തവണ 24,784 അപേക്ഷകരാണുള്ളത്. 70 വയസ്സ് കഴിഞ്ഞവരുടെ വിഭാഗത്തിലുള്ള 1250 അപേക്ഷകർക്കും മെഹ്റം അഥവാ (ആൺതുണ) ഇല്ലാത്ത വനിതാ അപേക്ഷകരുടെ വിഭാഗത്തിൽ 3,584 പേർക്കും നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കും.
ശേഷിക്കുന്ന 11,942 പേരെ നറുക്കെടുപ്പിലൂടെ കണ്ടെത്തും.
ജനറൽ വിഭാഗത്തിൽ അപേക്ഷിച്ച 19550 പേരിൽനിന്നാണ് തിങ്കളാഴ്‌ച നറുക്കെടുപ്പ് നടത്തുക. ജനറൽ വിഭാഗത്തിൽ ശേഷിക്കുന്ന 8008 പേരെ കാത്തിരിപ്പു പട്ടികയിൽ ഉൾപ്പെടുത്തും. അവസരം ലഭിച്ചവർ പിന്നീട് യാത്ര റദ്ദാക്കുകയോ കേരളത്തിന് കൂടുതൽ സിറ്റുകൾ ലഭിക്കുകയോ ചെയ്‌താൽ കാത്തിരിപ്പു പട്ടികയിലുള്ളവർക്ക് അവസരം കിട്ടും.