കരിപ്പൂർ| കോഴിക്കോട് വിമാനത്താവളം വഴി യാത്രക്കാരൻ എത്തിച്ച സ്വർണ്ണം കവർച്ച ചെയ്യാനെത്തിയ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ 4 പേർ രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടൻ പറഞ്ഞു. സ്വർണ്ണം തട്ടിയെടുക്കാനെത്തിയ 5 അംഗ സംഘത്തിലെ കോഴിക്കോട് ഓമശ്ശേരി ആലുംതറ കിഴക്കേ പുനത്തിൽ ആസിഫിനെയാണ് കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ദോഹയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവുമായി എത്തിയ കോഴിക്കോട് സ്വദേശി ലിഗേഷ് കസ്റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്ത് എത്തിയപ്പോൾ ആണ് സംഭവം. അഞ്ചംഗ സംഘം ലിഗേഷുമായി പിടിവലി നടത്തുന്നത് ശ്രദ്ധയിൽപെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥർ എത്തിയാണ് ഒരാളെ പിടികൂടിയത്. 4 പേർ വാഹനവുമായി കടന്നു കളഞ്ഞു.
ലിഗേഷിനെ കസ്റ്റംസിനു കൈമാറി.
രക്ഷപ്പെട്ടവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയതായി കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടൻ പറഞ്ഞു.