തിരുവനന്തപുരം| കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വികസനത്തിനായി 14.5 ഏക്കർ ഭൂമി പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽ നിന്നും ഏറ്റക്കുന്നതിന് ഗതാഗത, റവന്യൂ വകുപ്പുകളിൽ നിന്നും ഭരണാനുമതികളും വിജ്ഞാപനവും പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ് എന്നും 2013ലെ എൽ.എ. ആർ .ആർ. നിയമപ്രകാരം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ടി.വി ഇബ്രാഹിം എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം .
ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് കേരള സർക്കാറും റിസാ വികസനത്തിന്റെ ചെലവ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും വഹിക്കും. റൺവെ വികസിക്കുന്നതിന് ഭൂമി നിരപ്പാക്കുന്നതിന് ആവശ്യമായ തുകയിൽ 100 കോടി രൂപ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും വഹിക്കും. ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവാസ പാക്കേജിനും ബന്ധപ്പെട്ട അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 84.10 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുണ്ട്.
വികസനത്തിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകണമെന്നാണ് വ്യോമയാന വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത് സമയപരിധിക്കുള്ളിൽ സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടില്ലെങ്കിൽ റൺവേയുടെ നീളം കുറക്കേണ്ടി വരും എന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. ഭുമിയും വീടും നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
റൺവേ വികസനം സാധ്യമാക്കി വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനും വിമാനത്താവള വികസനം സാധ്യമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും മുഖ്യമന്ത്രി ടി.വി.ഇബ്രാഹിം എം.എൽ.എ.യെ അറിയിച്ചു.